ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ട് വരെ; ലോറിയിൽ ഒളിച്ചിരുന്ന് പാമ്പ് സഞ്ചരിച്ചത് 5000 മൈൽ

ഇന്ത്യയിൽ നിന്ന് ഏകദേശം 5000 മൈലുകൾ താണ്ടി ഒരു പാമ്പ് ഇംഗ്ലണ്ടിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നു പുറപ്പെട്ട ചരക്കു ലോറിയിലായിരുന്നു പാമ്പിന്റെ ഐതിഹാസിക ഇംഗ്ലണ്ട് യാത്ര. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലുള്ള പർഫ്ലീറ്റ് നഗരത്തിലേക്കെത്തിയ ലോറിയുടെ പിന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ത്യയിൽ കാണപ്പെടുന്ന നേരിയ വിഷമുള്ള ക്യാറ്റ് സ്നേക്ക് എന്നറിയപ്പെടുന്ന പാമ്പായിരുന്നു ഇത്.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ 4700 മൈൽ അതായത് 7600 കിലോമീറ്ററാണ് പാമ്പ് സഞ്ചരിച്ചത്. എന്നിട്ടും പാമ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മൃഗസംരക്ഷണ സംഘടനയായ ആർഎസ്പിസിഎയുടെ അംഗമായ ‍ഡേവിഡ് എക്സ്‌വർത് അറിയിച്ചു. ഡേവിഡ് എക്സ്‌വർത് ആണ് എസ്സെക്സ് ‍ഡിപ്പോയിൽ നിന്ന്  ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തി പാമ്പിനെ പിടികൂടിയത്. നേരിയ വിഷമുള്ള പാമ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

അവധിക്കാലം ചെലവഴിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വാഹങ്ങളിലും യാത്രക്കാരുടെ ബാഗുകളിലും മറ്റും ജീവികളെ കണ്ടെത്തി എന്നും പറഞ്ഞ് നിരവധി ഫോൺ സന്ദേശങ്ങളെത്താറുണ്ടെന്ന് ‍ഡേവിഡ് എക്സ്‌വർത് പറഞ്ഞു.പാമ്പുകളും പല്ലികളും തവളകളുമൊക്കെ ഇങ്ങനെ ഇവിടേക്കെത്താറുണ്ട്. അതുകൊണ്ട് തന്നെ രാജ്യാന്തര സർവീസ് നടത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവർമാരോടും മറ്റും കൃത്യമായി വാഹനങ്ങളും ചരക്കുകളും പരിശോധിക്കണമെന്ന മുന്നറിയിപ്പും നൽകാറുണ്ട്.ഈ മുന്നറിയിപ്പുകളൊക്കെ മറികടന്ന് ഇന്ത്യയിൽ നിന്ന് സുരക്ഷിതനായെത്തിയ പാമ്പിനെ സംരക്ഷിക്കാനാണ് ആർഎസ്പിസിഎയുടെ തീരുമാനം.