10 വർഷം സിവിൽ പോലീസ് ഓഫിസർ; ഒടുവിൽ സ്വപ്നസാക്ഷാത്കാരം പോലെ എസ്ഐ പദവി

ആശിച്ച ജോലി കൈയ്യെത്തി പിടിച്ചതിന്റെ ത്രില്ലിലാണ് വി.എസ്.ശ്രീനാഥ്. തൃശൂർ പൊലീസ് അക്കാദമി ഗ്രൗണ്ടിൽ നവംബർ 10നു നടന്ന പാസിങ് ഒൗട്ട് പരേഡിൽ സബ്  ഇൻസ്പെക്ടർ യൂണിഫോം അണിഞ്ഞ് മുഖ്യമന്ത്രിയിൽ നിന്ന് സല്യൂട്ട് സ്വീകരിക്കാനായത് സ്വപ്നസാക്ഷാത്ക്കാരവും. ശ്രീനാഥ് ഉൾപ്പെടെ 121 പേരാണ്  അന്ന് സബ് ഇൻസ്പെക്ടർമാരായി  പാസ്ഒൗട്ട് ചെയ്തത്. ഇതിൽ 37 പേർ വനിതാ എസ്ഐമാരായിരുന്നു. പുരുഷൻമാർക്കൊപ്പം നേരിട്ടു നിയമനം ലഭിച്ച വനിതകളും ഒന്നിച്ച് എസ്ഐ ട്രെയിനിങ് പൂർത്തിയാക്കിയ ആദ്യ  ബാച്ചായിരുന്നു  ഇത്തവണത്തേത്.  '

ശ്രീനാഥ് പൊലീസ് കുപ്പായമണിയുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ 10 വർഷമായി സിവിൽ പൊലീസ് ഒാഫിസറായി ജോലി ചെയ്യുകയായിരുന്നു ഈ എംഎസ്‌സി സുവോളജിക്കാരൻ. സബ് ഇൻസ്പെക്ടർ തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ കോൺസ്റ്റാബ്യുലറി വിഭാഗത്തിൽ അപേക്ഷ നൽകി. ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ എന്നീ കടമ്പകൾ പൂർത്തിയാക്കിയാണ്  എസ്ഐ തസ്തികയിൽ എത്തിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ഒട്ടേറെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് ജോലിയോടുള്ള താൽപര്യം കാരണം വേണ്ടെന്നുവച്ചു. സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ വഴി സിആർപിഎഫിൽ 3 മാസം ജോലി ചെയ്തെങ്കിലും കേരള പൊലീസിലേക്ക് തിരികെ പോരുകയായിരുന്നു.

സ്വന്തമായുള്ള തയാറെടുപ്പുകളാണ് വി. എസ്.ശ്രീനാഥിനെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ എത്തിച്ചത്. പിഎസ്‌സി പരിശീലനത്തിനായി കോച്ചിങ് സെന്ററുകളെ ആശ്രയിച്ചില്ല.  സബ് ഇൻസ്പെക്ടർ തസ്തികയുടെ നിയമനശുപാർശ ൈവകിയപ്പോൾ തൊഴിൽവീഥി ഇക്കാര്യം റിപ്പോർട്ട് ചെയ്തതും ശ്രീനാഥിന്റെ  ഒാർമയിലുണ്ട്. ഇതിനെ തുടർന്നാണ് എസ്ഐ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനശുപാർശാ നടപടികൾ വേഗത്തിലായത്. 

തിരുവനന്തപുരം വിതുര മരുതമല അടിപറമ്പ് ശ്രീസദനത്തിൽ കെ.വി.വിജയകുമാരൻ നായരുടെയും  സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ ആതിര കെഎസ്ആർടിസിയിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഏക മകൻ രണ്ടര വയസുകാരൻ വസുദേവ്.

‘‘പഠനസമയത്ത് തൊഴിൽവീഥി സ്ഥിരമായി വായിക്കുമായിരുന്നു. സിവിൽ പൊലീസ് ഒാഫിസർ, സബ് ഇൻസ്പെക്ടർ പരീക്ഷകൾ വിജയിക്കാൻ ഇതിലെ പരീക്ഷാ പരിശീലനം പ്രയോജനപ്പെട്ടു. തൊഴിൽവീഥിയിലെ മാതൃകാ ചോദ്യപേപ്പറുകളിൽ നിന്നു ധാരാളം ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ഉൾപ്പെടാറുണ്ട്.  പരീക്ഷാ പരിശീലനം നൽകുന്നതിനൊപ്പം ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണുന്നതിൽ തൊഴിൽവീഥി കാണിക്കുന്ന ആത്മാർഥത ശ്രദ്ധേയമാണ്’’.