ക്ഷണനേരം, ക്ഷണക്കത്തെഴുതി എസ്ഐയുടെ കല്യാണം വിളി

ക്ഷണിക്കുന്നയാൾക്കു മുൻപിൽ  വച്ചു തന്നെ വിവാഹ ക്ഷണക്കത്ത് സ്വന്തം കൈപ്പടയിൽ എഴുതി നൽകി ഒല്ലൂർ എസ്.ഐ. ഒല്ലൂർ പ്രിൻസിപ്പൽ എസ് ഐ: മുൻ മലയാളം അധ്യാപകൻ കൂടിയായ എസ്.സിനോജാണു വിവാഹക്ഷണക്കത്ത് തത്സമയം എഴുതിനൽകി വിവാഹക്ഷണം നടത്തുന്നത്. പൊലിസാകുന്നതിനു മുൻപ് ഏറെ വർഷം മലയാളം അധ്യാപകനായിരുന്നതിനാൽ സിനോജ് ഔദ്യോഗിക ജീവിതത്തിനിടയിലും ഭാഷയോടുള്ള ഇഷ്ടം വിവാഹക്ഷണക്കത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

രണ്ടര വർഷം മുൻപാണ് സിനോജ് ഒല്ലൂരിൽ പ്രോബേഷണനൽ എസ് ഐ ആയി എത്തുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ ആത്മിക ജ്വല്ലറി കവർച്ച കേസിലെ പ്രതികളെ ജാർഖണ്ടിലെ തസ്ക്കര ഗ്രാമത്തിൽ പോയി പിടികൂടിയതിൽ സിനോജിന്റെ ശ്രമം ശ്രദ്ധിക്കപ്പെട്ടു. അടുത്ത മാസം 17 ന് സ്വന്തം നാടായ കൊല്ലം തഴവയിലാണ് വിവാഹം. സൗഹൃദത്തിനു വലിയ പ്രാധാന്യം നൽകുന്നതിനാൽ അച്ചടിച്ച കുറിപ്പടി വേണ്ടെന്നുവച്ച് ക്ഷണനേരം കൊണ്ട് കത്തെഴുതി നൽകുകയായിരുന്നു.  

കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്രയ്ക്ക് ക്ഷണക്കത്ത് എഴുതി നൽകിയപ്പോൾ ലഭിച്ച അഭിനന്ദനം കൂടുതൽ പ്രോത്സാഹനമായെന്നും സിനോജ് പറയുന്നു.