മകന്റെ ബാക്കി വന്ന ക്ഷണക്കത്തു കൊണ്ട് കടലാസു കപ്പല്‍; വിൽപനയും തകൃതി: വേറിട്ട് സുരേന്ദ്രൻ

മകന്റെ വിവാഹ ചടങ്ങ് കോവിഡ് കാരണം വെട്ടിച്ചുരുക്കിയപ്പോള്‍ ബാക്കിയായ ക്ഷണക്കത്തു കൊണ്ട് കടലാസു കപ്പല്‍ ഉണ്ടാക്കിയ അച്ഛനുണ്ട് തൃശൂര്‍ പുത്തൂരില്‍. പതിനഞ്ചു വര്‍ഷമായി മുള കൊണ്ട് കരകൗശല ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് പേരെടുത്ത കെ.കെ.സുരേന്ദ്രനാണ് ആ ആച്ഛന്‍. 

മകന്റെ വിവാഹക്ഷണക്കത്ത് എഴുന്നൂറെണ്ണം ബാക്കിയായി. കോവിഡ് കാരണം ആളുകളെ ഒഴിവാക്കേണ്ടി വന്നു. കത്ത് അച്ചടിച്ച ശേഷമായിരുന്നു കോവിഡിന്റെ വരവ്. മകന്റേയും മരുമകളുടേയും പേരുകളുള്ള ക്ഷണക്കത്ത് നശിപ്പിക്കാന്‍ മനസു വന്നില്ല. അങ്ങനെയാണ്, ആ കത്തുകള്‍ ഉപയോഗിച്ച് കടലാസു കപ്പല്‍ നിര്‍മിച്ചത്. മുള ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് കെ.കെ.സുരേന്ദ്രന്‍. നാട്ടുകാര്‍‍ക്കിടയില്‍ സുന്ദരന്‍ എന്ന പേരിലാണ് അറിയിപ്പെടുന്നത്. നേരത്തെ , ലക്ഷ്മി മില്ലില്‍ തൊഴിലാളിയായിരുന്നു. ഇപ്പോള്‍ ജോലി തൃശൂര്‍ അശ്വനി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്. പതിനഞ്ചു വര്‍ഷമായി ഈ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നുണ്ടെങ്കിലും സ്ഥിര വരുമാനമില്ലാത്തതാണ് പ്രശ്നം. 

പരിചയക്കാര്‍ക്കിടയിലാണ് വില്‍പന. നേരത്തെ, വിവിധ പ്രദര്‍ശനങ്ങളില്‍ വില്‍പനയ്ക്ക് അവസരമുണ്ടായിരുന്നു. ഓണ്‍ലൈന്‍ വില്‍പനയിലേക്ക് മാറുന്നതിനെക്കുറിച്ചാണ് ഇനി ആലോചന.