ആദിവാസി കുഞ്ഞുങ്ങളുടെ ആയ ആയി എംസിഎക്കാരി; വീടെന്ന സ്വപ്നവുമായി ഹോട്ട്സീറ്റിൽ

നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഹോട്ട്സീറ്റിൽ എത്തുന്നവരിൽ പലർക്കും പറയാനുള്ളത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ കൂടിയാണ്. കോടീശ്വരന്റെ മൂന്നാം എപ്പിസോഡിൽ എത്തിയ കവിത എന്ന വയനാട് സ്വദേശിക്കും സമാനമായ ഒരു ജീവിതമാണ് പറയാനുള്ളത്. എംസിഎ ബിരുദധാരിയായ കവിത തിരുനെല്ലിയിൽ ആദിവാസി കുട്ടികളുടെ സ്കൂളിലെ ആയയാണ്. ലിപിയില്ലാത്ത ഭാഷ സംസാരിക്കുന്ന കുട്ടികളുടെ താങ്ങുംതണലുമാണ് കവിത. 

ഒരമ്മയെപ്പോലെ കുട്ടികളുടെ എല്ലാ കാര്യവും നോക്കുന്ന കവിതയ്ക്കൊരു ദുഖമുണ്ട്. പലപ്പോഴും പഠിപ്പിക്കുന്ന കുട്ടികളെ വീട്ടിലേക്ക് വിട്ട ശേഷമാണ് കവിത താമസിക്കുന്ന വാടകവീട്ടിലേക്ക് എത്തുന്നത്. അതുവരെ ഏക മകൾ വൈഗ വീട്ടുടമസ്ഥന്റെ വീട്ടിലാണ് അഭയം തേടുന്നത്. സ്വന്തമായി അടച്ചുറപ്പില്ലാത്ത കൂരയില്ലാത്ത ഏതൊരു അമ്മയും ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന വേവലാതി തന്നെയാണ് കവിതയേയും അലട്ടുന്നത്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കവിത കോടീശ്വരന്റെ ഹോട്ട്സീറ്റിലെത്തുന്നത്. കവിതയ്ക്ക് കൂട്ടായി ഭർത്താവ് അനിൽക്കുമാറുമുണ്ട്.

കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് കവിതയും അനിൽകുമാറും വിവാഹിതരാകുന്നത്. കവിതയുടെ അച്ഛന് ഇവരുടെ ബന്ധത്തിനോട് വിയോജിപ്പായിരുന്നു. അച്ഛന്റെ ആഗ്രഹം മകളെ ഒരു നഴ്സ് ആക്കണമെന്നായിരുന്നു. എന്നാൽ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി രണ്ട് വർഷം മുൻപ് കവിതയുടെ അച്ഛൻ മരിച്ചു.

അനിൽകുമാറിനാകട്ടെ അമ്മയെ നഷ്ടമായത് വളരെ ചെറുപ്പത്തിലാണ്. കവിതയ്ക്ക് തുണ അനിലും അനിലിന് തുണ കവിതയും മാത്രമാണ്. ഒരുലക്ഷത്തിഅറുപതിനായിരം രൂപ വരെ ഇതുവരെ കവിത കോടീശ്വരനിലെ ഹോട്ട്സീറ്റിലിരുന്ന് സ്വന്തമാക്കി. വീടെന്ന സ്വപ്നത്തിലേക്ക് എത്താൻ കവിതയക്ക്് ആകുമോയെന്ന് വരും എപ്പിസോഡിൽ കാത്തിരുന്ന് കാണാം.

മൂന്നാം എപ്പിസോഡ് കാണാൻ മനോരമ മാക്സ് സന്ദർശിക്കുക