തിരിച്ചുവരാത്ത യജമാനനായി കാത്തു നിൽക്കുന്ന നായ; കണ്ണുനനയിക്കും വിഡിയോ

മനുഷ്യരെക്കാൾ നന്ദിയും സ്നേഹവും ഉള്ള ജീവിയാണ് മൃഗങ്ങളെന്ന് പൊതുവേ പറയാറുണ്ട്. പ്രത്യേകിച്ചും വളര്‍ത്തുനായകൾക്ക്. അതിനൊരു ഉത്തമ മാതൃകയാകുന്നു ഈ സംഭവം. കുളത്തിൽ വഴുതിവീണു മരിച്ച യജമാനന്റെ വരവിനായി കാത്തു നിൽക്കുന്ന വളർത്തുനായയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. തായ്‌ലൻഡിലെ ചാന്ദപുരിയിലാണ് സംഭവം നടന്നത്. 56 കാരനായ സോംപ്രസോങ് ശ്രിതോങ്ഖും ആണ് കൃഷിയിടം നനയ്ക്കുന്നതിനിടയിൽ കുളത്തിൽ വഴുതിവീണത്. സോംപ്രസോങ്ങിന്റെ വളർത്തുനായയും സന്തതസഹചാരിയുമായ മഹീ എന്ന നായയാണ് കുളത്തിനരികിൽ യജമാനനൻ തിരിച്ചുവരുന്നതും കാത്തിരിക്കുന്നത്. നായയുടെ മുന്നിൽ യജമാനന്റെ ചെരിപ്പും ടോർച്ചുമുണ്ട്. 

സോംപ്രസോങ്ങിന്റെ മൃതദേഹം സുരക്ഷാ ജീവനക്കാർ കണ്ടെടുത്തു. പക്ഷേ ഇപ്പോഴും കുളത്തിനരികിൽ യജമാനന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് നായ. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും വരാതായപ്പോഴാണ് സോംപ്രസോങ്ങിന്റെ അർധസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നത്. കുളക്കരയിൽ ഇരിക്കുന്ന മഹിയും സോംപ്രസോങ്ങിന്റെ സാധനങ്ങളും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.  അപ്പോൾ തന്നെ അപകടം സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അവർ ഉടൻതന്നെ എല്ലാവരേയും വിളിച്ചുകൂട്ടി. കൃഷിയിടം നനയ്ക്കാനായി പാത്രത്തിൽ വെള്ളം നിറയ്ക്കാനിറങ്ങിയപ്പോഴാവാം സോംപ്രസോങ് അപകടത്തിൽ പെട്ടതെന്നാണ് ഇവരുടെ നിഗമനം. യജമാനനായി കാത്തിരിക്കുന്ന മഹി നൊമ്പരമായി മാറുകയാണ്.