ചൂളമടിച്ച് ചായയടിച്ച് പങ്കൻ ചേട്ടൻ; സോഷ്യൽ മീഡിയയിലെ താരം

അറുപത്തിയാറാം വയസില്‍ ചൂളമടിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറുകയാണ് പറവൂര്‍ പുത്തന്‍വേലിക്കരയിലെ ചായക്കടക്കാരന്‍ പങ്കജാക്ഷന്‍. മലയാളസിനിമാ ഗാനങ്ങളാണ് താളഭംഗമില്ലാതെ ചൂളമടിച്ച് പങ്കജാക്ഷന്‍ ചേട്ടന്‍ പാടുക. കടയില്‍ ചായകുടിക്കാനെത്തിയ ഒരധ്യാപകനാണ് പങ്കജാക്ഷനിലെ പ്രതിഭയെ യൂട്യൂബിലൂടെ പ്രശസ്തനാക്കിയത്.

വാട്്സ്്അപ്പിലും യൂട്യൂബിലും ഫെയ്്സബുക്കിലുമെല്ലാം ചൂളമടിച്ച് കറങ്ങി നടക്കുകയാണ് പുത്തന്‍വേലിക്കരക്കാരുടെ പങ്കന്‍ ചേട്ടനെന്ന പങ്കജാക്ഷന്‍. കൊടുങ്ങല്ലൂരുകാരനായ പങ്കജാക്ഷന്‍ മുപ്പത്തിരണ്ട് വര്‍ഷം മുന്‍പാണ് പുത്തന്‍വേലിക്കരയില്‍ ചായക്കട നടത്താനെത്തുന്നത്. പിന്നീട് ഇങ്ങോട്ട് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ചൂളമടിച്ച് ചായയടിക്കുന്ന പങ്കന്‍ ചേട്ടനായി. പഴയകാല മലായള സിനിമാഗാനങ്ങളും ,aനാടകഗാനങ്ങളുമാണ് പങ്കജാക്ഷന്‍ ചൂളമടിച്ച് പാടുക. ചെറുപ്പത്തില്‍ ക്ലബ്ബുകളിലും മറ്റും പാട്ട് പാടാന്‍ പോകുമായിരുന്നു. പിന്നീട് ജീവിതപ്രാരാബ്ധങ്ങളേറിയപ്പോള്‍ പാട്ട് നിന്നു.

സംസാരത്തേക്കാള്‍ ചൂളമടിയിലൂടെയാണ് പങ്കജാക്ഷന്റെ ആശയവിനിമയവും. ഒരു ചായയ്ക്ക് വേണ്ടി കടയില്‍ എത്ര കാത്തിരിക്കാനും നാട്ടുകാര്‍ തയാറാണ്. കാരണം പശ്ചാത്തലത്തില്‍ മുഴുവന്‍ സമയവും ചൂളമടിയുണ്ടല്ലോ. സമൂഹമാധ്യമങ്ങളില്‌ ചൂളമടി വൈറല്‍ ആയതോടെ പുത്തന്‌വേലിക്കര സ്റ്റേഷന്‍ കടവ് പാലത്തിന് അരികിലുള്ള ചായക്കടയിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്