രഘുവിന്റെ പേരിൽ നാടാകെ പിരിവിനിറങ്ങി; രഘുവിന്റെ വീട്ടിലെത്തി കുടുങ്ങി

പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞ് പിരിവ്. ഒടുവിൽ ആളറിയാതെ അദ്ദേഹത്തിന്റെ വീട്ടിലും പിരിവിനെത്തിയവർ അവിടെനിന്നുതന്നെ പിടിയിലായി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി ചികിത്സാ സഹായത്തിന്റെ പേരിൽ വീടുകളിൽ പണപ്പിരിവു നടത്തിയ 2 പേരാണ് അറസ്റ്റിലായത്. ഇലന്തൂർ തോന്ന്യാമല പള്ളിപ്പറമ്പിൽ ജോണിക്കുട്ടി (53), അഴൂർ സന്തോഷ് ഭവനിൽ മുകളുംമുറിയിൽ തോമസുകുട്ടി (51) എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.

ഇരുവരും പെരുമ്പുളിക്കൽ കുളവള്ളി ഭാഗത്തുള്ള വീടുകളിലാണ് പണപ്പിരിവ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ അറിവോടെയാണ് വരുന്നതെന്നു പറഞ്ഞായിരുന്നു പിരിവ്. തുമ്പമൺ സ്വദേശികളാണെന്നും മകളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം അഭ്യർഥിച്ചു വന്നതാണെന്നുമാണ് ഇവർ പറഞ്ഞിരുന്നത്. പണപ്പിരിവ് പുരോഗമിക്കുന്നതിനിടെ ഇരുവരും രഘുവിന്റെ വീട്ടിൽ‌ എത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

വീട് തിരിച്ചറിയാതെ, രഘു പെരുമ്പുളിക്കൽ പറഞ്ഞിട്ടു ചികിത്സാ സഹായത്തിനു വന്നതാണെന്ന് ഇവിടെയും പറഞ്ഞു. രഘുവിനെ അറിയാമോ എന്നു ചോദിച്ചപ്പോൾ തുമ്പമൺ പഞ്ചായത്ത് അംഗമാണെന്നു പറഞ്ഞതോടെ തട്ടിപ്പു മനസ്സിലായ രഘു നാട്ടുകാരെ വിളിച്ചു വരുത്തി ഇരുവരെയും തടഞ്ഞു വച്ച ശേഷം പൊലീസിൽ അറിയിച്ചു. പന്തളം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സമാനമായ തട്ടിപ്പ് കുളനട, ഇലവുംതിട്ട, മെഴുവേലി എന്നിവിടങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്നു.