മൂക്കുത്തി ഒരു കുഞ്ഞൻ ആഭരണമല്ല; ഇമ്മിണി വല്യ മൂക്കുത്തിക്കഥ ഇതാ; വിഡിയോ

mukkuthi03
SHARE

ഒരു തരി സ്വര്‍ണത്തില്‍ കുഞ്ഞിക്കല്ലുപിടിപ്പിച്ച ഒരാഭരണം. അത്തരം ഒരാഭരണം മാത്രമല്ല മൂക്കുത്തി. ജാതി വ്യവസ്ഥയില്‍ നിലനിന്നിരുന്ന അനാചരങ്ങളില്‍ ചെറുതെങ്കിലും ഒരു മാറ്റം വരുത്താന്‍ ഈ കുഞ്ഞന്‍ ആഭരണത്തിന് സാധിച്ചിട്ടുണ്ട്. അല്‍പം മൂക്കുത്തി പുരാണം

മൂക്കുത്തിയോടുള്ള സ്ത്രീകളുടെ ഇഷ്ടത്തിന് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട് . ഇന്നലെകളില്‍ അത് സ്വര്‍ണത്തില്‍ തീര്‍ത്തതായിരുന്നുവെങ്കില്‍ ഇന്നത് വെള്ളിയിലേക്കും ബ്ലാക് മെറ്റലിലേക്കും കുടിയേറി. ഇഷ്ടത്തിനനുസരിച്ച് വലുപ്പത്തിലും നിറത്തിലും ഡിസൈനിലും അവ ലഭ്യമാണ്. ഈ ആഭരണം അവളെ പതിന്മടങ്ങ് സുന്ദരിയാക്കുന്നു. 

പുരാണങ്ങളില്‍ മൂക്കുത്തി അണിഞ്ഞ സുന്ദരിമാരായ ദേവതമാരെക്കുറിച്ചും രാജ്ഞിമാരെക്കുറിച്ചും പ്രതിപാദിച്ചുകാണാം. ഇസ്ലാം മതാവിശ്വാസികള്‍ക്കിടയിലും ഈ ആഭരണത്തിന് പ്രത്യേക സ്ഥാനമുണ്ട് . ഇന്നാണെങ്കില്‍ പുരുഷന്മാര്‍ പോലും ഈ ആഭരണത്തെ  അങ്ങനെ വെറുതെവിടുന്നില്ല.

എന്നാല്‍ കണ്ണാടിക്കു മുന്നില്‍ മൂക്കുത്തിയണിഞ്ഞു മുഖസൗന്ദര്യം നോക്കുമ്പോള്‍ ഓര്‍ക്കണം ഈ അവകാശവും  സ്ത്രീകള്‍ പിടിച്ചുവാങ്ങിയതാണെന്ന് . കേരളത്തില്‍  മൂക്കുത്തി അണിയാന്‍ എല്ലാ സ്ത്രീകള്‍ക്കും അനുവാദമില്ലായിരുന്നു. ആ അവകാശം നേടിയെടുക്കാനായി  ഒരു സമരം തന്നെ നടന്നിട്ടുണ്ട് . മൂക്കുത്തി സമരം.   

തൊഴിലിന്‍റെ മേല്‍, ധരിക്കുന്ന വസ്ത്രം, ആഭരണം എല്ലാത്തിലും കരം ഏര്‍പ്പെടുത്തിയിരുന്ന കാലം. . മാറുമറയ്ക്കല്‍, അച്ചിപ്പുടവ, കല്ലുമാല സമരം തുടങ്ങിയവയ്ക്കൊപ്പം മൂക്കുത്തി സമരവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.. അന്ന് സാമൂഹിക ചെറുത്തുനില്‍പ്പ് രൂപങ്ങളില്‍ ഒന്നായി, എല്ലാ സ്ത്രീകള്‍ക്കും  മൂക്കുത്തിയിടാനുള്ള അവകാശത്തിന് വേണ്ടി നടന്ന ഒരു സമരം.   ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു അക്കാലത്ത് അതിന് അനുവാദം.   1860ല്‍ എതിര്‍ശബ്ദമുയര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ രംഗത്തുവന്നത് .  അന്ന് അവരെ സഹായിക്കാന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ധനികനായ വ്യക്തിയാണ് മുന്‍പന്തിയില്‍ നിന്നത്.  മൂക്കുത്തി അണിഞ്ഞു കൊണ്ട് മുന്നിട്ടുവന്ന ഈഴവസ്ത്രീയെ കായംകുളത്തുവച്ച്  ഉയര്‍ന്നജാതിക്കാര്‍ മര്‍ദിക്കുകയും അവളുടെ മൂക്കുത്തി ഊരിയെടുക്കുകയും ചെയ്തു.  ഇതറിഞ്ഞ പണിക്കര്‍ പന്തളം ചന്തയിലെത്തി  സ്വര്‍ണത്തില്‍ നിര്‍മിച്ച നൂറ് മൂക്കുത്തികള്‍ അന്ന് അവിടുണ്ടായിരുന്ന ഈഴവ സ്ത്രീകള്‍ക്ക് വിതരണംചെയ്യ്തു. അത് അണിയുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അവിടെ ഒരുമാറ്റം കുറിക്കപ്പെട്ടു. ഓര്‍ക്കുക ഒരവകാശവും അങ്ങനെ വെറുതെ കൈവന്നതല്ല. അതിനെല്ലാം ചെറുത്തുനില്‍പ്പിന്‍റെ കഥപറയാനുണ്ട് . മറവിയിലാണ്ടുപോയെങ്കിലും എല്ലാവരും എന്നും ഓര്‍മിക്കേണ്ട ഒന്ന്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...