തടസങ്ങളില്ലാതെ മിടിക്കട്ടെ എന്നും നമ്മുടെ ഹൃദയം; അതിനായി ചെയ്യേണ്ടത്

ആരോഗ്യകരമായ ജീവിതത്തിന്  ഒരു മനുഷ്യന് ഏറ്റവും അനിവാര്യമായ ഒന്നാണ് ആരോഗ്യമുള്ള ഹൃദയം. ജീവിതശൈലീ രോഗമായാണ് ഹൃദ്്രോഗത്തെ നമ്മള്‍ കണക്കാക്കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന രോഗമായി മാറിക്കഴിഞ്ഞു ഇന്ന്  ഹൃദ്്രോഗം. 

ലോകത്ത് മരണപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍ ഹൃദ്്രോഗം മൂലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.  കേരളത്തിൽ ഹൃദയാഘാതം വന്ന് ദിവസേന മരിക്കുന്നത് 120 പേരെങ്കിലും ഉണ്ടെന്നാണ്  വിവിധ പഠനങ്ങൾ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ശരാശരി 60 വയസിലാണ് ഹൃദ്രോഗത്തിന്‍റെ തുടക്കമെങ്കില്‍ കേരളത്തിലത് 30വയസു മുതലാണ്. കൃത്യമായ ഭക്ഷണക്രമത്തിനൊപ്പം വേണ്ടത്ര വ്യായാമം ഇല്ലായ്മയുമാണ് ഹദ്്്രോഗത്തിന് പ്രധാന കാരണം. 

പൊണ്ണത്തടി, കൃത്യതയില്ലാത്ത ആഹാരം, ഉയര്‍ന്ന രക്ത സമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, വ്യായാമക്കുറവ്, പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിന് കാരണമാകുന്നു. ഫാസ്റ്റ് ഫുഡും വ്യായാമക്കുറവും പുകവലിയും മൂലം ഇരുപതുകാര്‍പോലും ഹൃദ്രോഗത്താല്‍ മരണപ്പെടുന്നു. ഉപ്പിന്‍റെയും പഞ്ചസാരയുടേയും നിയന്ത്രണാതീതമായ ഉപയോഗമാണ് ഒരു കാരണം. 

സ്ത്രീകളിലും  ഇപ്പോള്‍ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏതാണ്ട് ഇരുപത് സ്ത്രീകള്‍ ഒരു മിനിറ്റില്‍ ഹൃദ്രോഗത്താല്‍ മരിക്കുന്നുണ്ട്. അമിത സമ്മർദമാണ് കേരളത്തിൽ ഹൃദ്രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ടാകാന്‍ കാരണമാകുന്നത്. 

കുട്ടികളിലും ചെറുപ്പക്കാരിലും ഹൃദ്രോഗം വര്‍ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.  ഹൃദയത്തെ സംരക്ഷിച്ച് നിർത്തിയേ മതിയാകൂ.  നല്ല ജീവിതരീതികളിലൂടെ  ഹൃദയത്തെ രോഗങ്ങളില്‍ നിന്ന് അകറ്റണം. 

ഹൃദയ സംരക്ഷണത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കലാണ് രോഗ പ്രതിരോധത്തിനുള്ള നല്ലവഴി. നല്ല ഭക്ഷണം കഴിക്കുക,  അത് കൃത്യസമയത്ത് കഴിക്കുക എന്നതാണ് ആദ്യവഴി. വ്യായാമം ജീവിതചര്യകളില്‍ എഴുതിച്ചേര്‍ക്കണം. ദിവസവും അര മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവയ്ക്കണം. 

എണ്ണ, പഞ്ചസാര, ഉപ്പ് , മൈദ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡ് വേണ്ട എന്ന ്തീരുമാനിക്കുക. മദ്യപാനം, പുകവലി തുടങ്ങി ലഹരിയെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക. മാനസിക സമ്മര്‍ദം ഒഴിവാക്കി മനസിനെ ശാന്തമാക്കുക. സംഗീതം, നൃത്തം തുടങ്ങി അഭിരുചിക്കനുസരിച്ചുള്ള കലകള്‍ ആസ്വദിക്കുവാന്‍ ശ്രദ്ധിക്കുക. 

നമ്മുടെ കരുതല്‍ക്കൊണ്ടു തന്നെ നമ്മുടെ  ഹൃദയത്തെ സംരക്ഷിക്കുക.   എത്ര ആധുനിക ചികില്‍സാ രീതികള്‍ ലോകത്ത്  ഉണ്ടായാലും രോഗം വരാതെ നോക്കുന്നതാണ് എന്നും ആരോഗ്യദായകം. തടസങ്ങളില്ലാതെ മിടിക്കട്ടെ എന്നും നമ്മുടെ ഹൃദയം.