അച്ഛനെ തിരഞ്ഞ് ബലൂണിൽ നമ്പറെഴുതി പറത്തി; ഒടുവിൽ മകളെത്തേടി സന്തോഷ വാർത്ത

അച്ഛന്റെ ഓർമ്മദിവസത്തിൽ മകൾ കുറിപ്പെഴുതി പറത്തി വിട്ട ബലൂൺ സഞ്ചരിച്ചത് 1700 കിലോമീറ്റർ. ഇംഗ്ലണ്ടിലെ ബർമിങ്ഹാം സ്വദേശിയായ നിക്കോളയെന്ന യുവതിയാണ് കഴി‍ഞ്ഞ സെപ്റ്റംബറിൽ ബലൂൺ പറത്തി വിട്ടത്. അച്ഛന്റെ ഓർമ്മ ദിവസത്തിൽ ഭർത്താവുമൊന്നിച്ച് സെമിത്തേരി സന്ദർശിച്ച ശേഷമാണ് നിക്കോള കുറിപ്പെഴുതിയ ബലൂൺ പറത്തിയത്. ബലൂൺ ചെന്ന് നിന്നതാവട്ടെ പോളണ്ടിലും. 

വടക്കു കിഴക്കൻ പോളണ്ടിലെ ട്രോസ്കോവോ എന്ന ഗ്രാമത്തിലെ കർഷകനായ റഡോസ്ലാവ് ഗച്ച് ബലൂണും സന്ദേശവും കണ്ട് നിക്കോളിന് സന്ദേശമയച്ചതോടെയാണ് താൻ പറത്തിവിട്ട ബലൂൺ 1700 കിലോമീറ്റർ സ‍ഞ്ചരിച്ചെന്ന വാർത്ത നിക്കോള അറിയുന്നത്. കന്നുകാലികളെ മേയ്ക്കാൻ വിട്ട് വീടിനു പുറത്തു കിടക്കുമ്പോഴാണ് ആ കർഷകൻ ബലൂൺ കണ്ടത്. ''ആ ബലൂൺ കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും തോന്നി. അച്ഛനെ ഓർത്തുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ ദിവസം മകൾ പറത്തിവിട്ട ബലൂൺ. അതറിഞ്ഞപ്പോഴാണ് ബലൂണിലെഴുതിയ നമ്പറിലേക്ക് വിളിക്കാൻ തോന്നിയത്''. വിളിച്ച ശേഷം അച്ഛൻ പോളണ്ടിലെ ഗ്രാമത്തിൽ എത്തിയിരുന്ന കാര്യവും ഗച്ച് പറഞ്ഞു. 

എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയാനാണ്, ദയവായി ഈ നമ്പറിൽ എനിക്ക് മെസേജ് ചെയ്യൂ എന്നും എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല അച്ഛാ'' എന്നായിരുന്നു ഫോൺ നമ്പറിനൊപ്പം നിക്കോൾ എഴുതിയ കുറിപ്പ്. ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുകയാണ് നിക്കോൾ. അർബുദം ബാധിച്ച് 68-ാം വയസിലാണ് നിക്കോളിന്റെ അച്ഛന്‍ മരിച്ചത്. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുന്ന ഇക്കാര്യം നിക്കോൾ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.