ജോലിത്തിരക്കില്‍ മകനെ മരണത്തിലേക്ക് യാത്രയാക്കേണ്ടി വന്ന ഒരച്ഛന്റെ കുറിപ്പ്: വേദന

ജോലിത്തിരക്കുകാരണം കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സാധിക്കാതെ ഒരു മകനെ മരണത്തിലേക്ക് യാത്രയാക്കേണ്ടി വന്ന ഒരച്ഛന്റെ കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലാകുന്നു. യുഎസുകാരനായ ജെ.ആർ സ്റ്റോർമെന്റ് എന്ന യുവാവാണ് വൈകാരികമായ കുറിപ്പ് എഴുതിയിരിക്കുന്നത്. സ്റ്റോർമെന്റിന്റെ മകൻ ചുഴലി രോഗം മൂലമാണ് അന്തരിച്ചത്.

യുഎസിൽ ബിസിനസ് എക്സിക്യൂട്ടീവാണ് സ്റ്റോർമെന്റ്. കുടുംബത്തിനേക്കാൾ മുഖ്യം സ്റ്റോർമെന്റിന് ജോലിയായിരുന്നു. കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവിടാനോ ഭാര്യയോട് സംസാരിക്കാനോ ഒന്നും സമയം കണ്ടെത്തിയിരുന്നില്ല. എട്ടുവർഷം നീണ്ട ജോലിയിൽ ഒരാഴ്ചയിൽ കൂടുതൽ അവധി ഒരിക്കൽപ്പോലും എടുത്തിട്ടില്ല. അത്രയധികം ജോലി സ്റ്റോർമെന്റിന് ലഹരിയായിരുന്നു.

ഇവർക്ക് എട്ടുവയസുള്ള ഇരട്ടക്കുട്ടികളാണുള്ളത്. വില്ലി സ്റ്റോർമെന്റ് എന്ന മകന് ചെറുപ്പകാലം മുതൽ ചുഴലി രോഗമുണ്ടായിരുന്നു. സ്റ്റോർമെന്റ് ജോലിയ്ക്ക് പോയതിന് പിന്നാലെ കുട്ടികളുടെ മുറിയിൽ ചെന്ന് നോക്കുമ്പോൾ വില്ലി മരിച്ചുകിടക്കുന്നതാണ് കണ്ടത്. മരണം നടന്നിട്ട് അരമണിക്കൂറേ ആയിരുന്നുള്ളൂ. ജോലിക്ക് പോകുന്നതിന് മുൻപ് സ്റ്റോർമെന്റ് കുട്ടികളുടെ മുറിയിലൊന്ന് ചെന്നിരുന്നെങ്കിൽ മകനെ മരണം തട്ടിയെടുക്കില്ലായിരുന്നു. ഈ കുറ്റബോധത്തിന്റെ പുറത്തായിരുന്നു സ്റ്റോർമെന്റിന്റെ കുറിപ്പ്. 

മക്കളെ ഒന്നു കെട്ടിപിടിക്കാനും അവരോടൊപ്പം സമയം ചെലവിടാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കരുതി. സമയമില്ലെന്ന് പറഞ്ഞ് അവരെ ഒഴിവാക്കിയാൽ പിന്നീട് ഒരുപാട് ദുഖിക്കേണ്ടിവരും. അവരെ നഷ്ടപ്പെട്ടതിന് ശേഷം വെറും ചിത്രങ്ങളും അവരുടെ സാധനങ്ങളും മാത്രമേ അവശേഷിക്കൂ. അവർക്ക് അയക്കാത്ത കത്തുകളോർത്ത് നിങ്ങൾ ഭാവിയിൽ ദുഖിക്കേണ്ടി വരരുത്. മക്കൾ ഇല്ലാതാകുമ്പോഴുള്ള ദുഖത്തിന് അറുതിവരുത്താൻ ഒരു തിരക്കിനും ജോലിക്കും സാധിക്കില്ല- സ്റ്റോർമെന്റ് കുറിച്ചു.