ദേശീയ ഗാനം മുഴങ്ങി; ഇന്ത്യൻ പതാക പാറി; കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല: സിന്ധു

‘ഏറെ നാൾ കാത്തിരുന്ന സ്വപ്നം. ആ വിജയത്തിന് ശേഷം ദേശീയ ഗാനം മുഴങ്ങിയപ്പോഴും ഇന്ത്യൻ പതാക കണ്ടപ്പോഴും എനിക്കെന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ വിജയം സാധ്യമാകില്ലായിരുന്നു..’ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന വാക്കുകൾ കുറിച്ച് പി.വി.സിന്ധു. തനിക്കിപ്പോൾ തോന്നുന്ന വികാരം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ സാധിക്കില്ലെന്നും സിന്ധു കുറിച്ചു. 

മകളുടെ പൊന്നിൻതിളക്കമുള്ള വിജയം മാതാപിതാക്കളുടെയും സ്വപ്നം കൂടിയായിരുന്നു. സിന്ധുവിന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് അവിസ്മരണീയ വിജയം സിന്ധു നേടിയത്. വിജയശേഷം 'ഹാപ്പി ബെർത്ത് ഡേ മമ്മ' എന്ന് സിന്ധു ആശംസിച്ചപ്പോൾ സ്റ്റേഡിയം മുഴുവൻ അത് ഏറ്റെടുത്തു. 

തുടർച്ചയായി രണ്ടു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനലുകളിൽ തോറ്റതിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് നേരിട്ടതെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു പി.വി. സിന്ധു. പരിധിവിട്ട വിമർശനങ്ങൾ തനിക്കു വളരെയധികം മാനസിക പ്രയാസം സൃഷ്ടിച്ചെന്നും സിന്ധു നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ തന്നെ സംശയിച്ചവർക്കുള്ള മറുപടിയാണ് ഇത്തവണ നേടിയ സ്വർണ മെഡലെന്നും സിന്ധു വ്യക്തമാക്കി. ജപ്പാൻ താരം നൊവോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധു ഇക്കുറി സ്വർണം നേടിയത്. ലോക ബാഡ്മിന്റനിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിന്ധു.

‘എനിക്കെതിരെ തുടർച്ചയായി ചോദ്യങ്ങളുയർത്തിയ എല്ലാവർക്കമുള്ള എന്റെ മറുപടിയാണ് ഈ വിജയം. എല്ലാ വിമർശനങ്ങൾക്കും റാക്കറ്റുകൊണ്ട് മറുപടി പറയാനായിരുന്നു എനിക്കിഷ്ടം. ഈ വിജയത്തിലൂടെ അതു സാധിച്ചിരിക്കുന്നു. അത്രമാത്രം’ – സിന്ധു പറഞ്ഞു. രാജ്യാന്തര ബാഡ്മിന്റൻ ഫെഡറേഷന്റെ പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് സിന്ധു മനസ്സു തുറന്നത്.

‘ആദ്യ ലോക ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവി എന്നെ വളരെയധികം നിരാശപ്പെടുത്തി. കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റതോടെ സങ്കടവും ദേഷ്യവും തോന്നി. വളരെയധികം വൈകാരികമായ നാളുകളായിരുന്നു അത്. സിന്ധു, എന്തുകൊണ്ട് ഈയൊരു മൽസരം ജയിക്കാനാകുന്നനല്ല തുടങ്ങിയ ചോദ്യങ്ങളായിരുന്നു എങ്ങും. ഇത്തവണ ആശങ്കയൊന്നും കൂടാതെ സ്വാഭാവികമായി കളിക്കാൻ ഞാൻ എന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. അതു തുണയ്ക്കുകയും ചെയ്തു’ – സിന്ധു പറഞ്ഞു.

ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ലോക ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.ലോക നാലാം നമ്പര്‍ താരത്തെ റാങ്കിങ്ങില്‍ അഞ്ചാമതുള്ള സിന്ധു വെറും 38 മിനിറ്റിനുള്ളില്‍ അടിയറവുപറയിച്ചു. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടും തോല്‍വിയായിരുന്നു ഫലം. എന്നാൽ മധുരപ്രതികാരം പോലെ കന്നിപരാജയത്തിന്റെ സങ്കടം പൊന്നിൻ നേട്ടതോടെ സിന്ധു മായ്ച്ചു കളഞ്ഞു. 2013, 14 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.