ഗുർമീത് രാം റഹിമിന് ജയിലിൽ 15 കിലോ കുറഞ്ഞു; സമ്പാദിച്ചത് 18,000 രൂപ...!

കൊലപാതകക്കുറ്റത്തിനും മാനഭംഗത്തിനും ഹരിയാനയിലെ ആൾദൈവം ഗുർമീത് രാം റഹീം ശിക്ഷ അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. ജീവപര്യന്തമാണ് ഗുർമീതിന്റെ ശിക്ഷ. നിലവിൽ റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പർ തടവുകാരനാണ് ഗുർമീത്. രണ്ട് വർഷത്തെ ജയിൽ ജീവിതം കൊണ്ട് ഗുർമീതിന്റെ 15 കിലോ കുറഞ്ഞു.

ജയിലിലെത്തുമ്പോൾ 105 കിലോയായിരുന്നു ഭാരം. ഇപ്പോൾ 90 കിലോയായി കുറഞ്ഞു. ജയിലിൽ കൃഷി ചെയ്യാനാണ് ഗുർമീതിന് ഏറെ താൽപര്യം. ഗുർമീത് കൃഷി ചെയ്യുന്ന തക്കാളിയും ഉരുളക്കിഴങ്ങും ജയിൽ അടുക്കളയിലും ഉപയോഗിക്കാറുണ്ട്. 

ജയിലിൽ പണിയെടുത്ത് 18,000 രൂപ ആൾദൈവം സമ്പാദിക്കുകയും ചെയ്തു. ഹരിയാനയിലെ ബാബ എന്ന പേരിൽ പ്രസിദ്ധനായ ഗുർമീത് ആഗസ്ത് 25, 2017ലാണ് അറസ്റ്റിലാകുന്നത്. 50-ാമത്തെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് 10 ദിവസങ്ങൾക്ക് ശേഷമായിരുന്നു അറസ്റ്റ്. സിബിഐ കോടതിയാണ് ഗുർമീത്തിന്റെ ശിക്ഷ വിധിച്ചത്. 

രണ്ട് വർഷത്തിനിടയ്ക്ക് ഒരിക്കൽപ്പോലും ഗുർമീതിന്റെ ദത്തുപുത്രി ഹണിപ്രീത് സന്ദർശനത്തിന് എത്തിയിട്ടില്ല. എന്നാൽ കുടുംബാംഗങ്ങൾ ആഴ്ചയിൽ ഒരിക്കൽ വന്ന് കാണാറുണ്ട്. 

ജയിലിലാണെങ്കിലും വൃത്തിയുള്ള വസ്ത്രധാരണരീതിയാണ് ഗുർമീത് പിൻതുടരുന്നത്. സന്ദർശിക്കാനെത്തുന്ന ബന്ധുക്കളുടെ കയ്യിലാണ് അലക്കാനുള്ള തുണി ഏൽപ്പിക്കുന്നത്. തുടക്കസമയത്ത് ജയിലിലെ ഇരുട്ടറയും ഏകാന്തതയും ചൂടും ഗുർമീതിന് സഹിക്കാനാവുന്നില്ലായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് എപ്പോഴും പരാതി പറയുമായിരുന്നു. എന്നാലിപ്പോൾ ജയിൽ ജീവിതവുമായി ഗുർമീത് പൊരുത്തപ്പെട്ടെന്നാണ് അധികൃതർ പറയുന്നത്.