അന്ന് പ്രളയത്തിൽ വീട് പോയി; ഇന്ന് നാലടി ഉയരെ സുഖവാസം: ഇതാ ജയിച്ച വീ‍ട്

ഉയർന്നുവരുന്ന വെള്ളത്തെ പേടിക്കാതെ സമാധാനത്തോടെ ഉറങ്ങാമെന്നതാണ് ഇത്തവണ ചെറുതന പാണ്ടി ചെറുവള്ളിൽ തറയിൽ ഗോപാലകൃഷ്ണനും കുടുംബത്തിനും ആശ്വാസം.  കഴിഞ്ഞ  പ്രളയത്തിൽ വീടു പൂർണമായി നശിച്ചു.  തുടർന്നു കെയർഹോം പദ്ധതി പ്രകാരം ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമിച്ചു നൽകുകയായിരുന്നു.

ഇപ്പോൾ വീടിനു പരിസരത്ത് 2 അടിയോളം വെള്ളമുണ്ട്.  വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളിലാണു വീട്. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണു നിർമാണം. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷീറ്റുകൾ കൊണ്ടാണു മേൽക്കൂര.  

550 ചതുരശ്ര അടിയിൽ 3 മുറികളും ഹാളും അടുക്കളയുമുള്ള വീട് 11 ലക്ഷത്തോളം രൂപ മുടക്കിയാണ് നിർമിച്ചത്.വീടിന്റെ ഒരു വശത്തു ലീഡിങ് ചാനലും മറുവശത്തു പമ്പാ നദിയുമാണ്. എന്നാൽ ഇൗ വീടിനുള്ളിൽ തങ്ങൾ സുരക്ഷിതരാണെന്നു ഗോപാലകൃഷ്ണൻ പറയുന്നു.