പ്രളയമൊരു കൗതുക കാഴ്ചയല്ല; ദയവായി ഇങ്ങനെ വിഡിയോ എടുക്കരുത്: കുറിപ്പ്

പ്രളയകാലം പലർക്കും അതിസാഹസികത കാണിക്കാനുള്ള അവസരമായി മാറാറുണ്ട്. കാത്തിരിക്കുന്ന അപകടത്തിന്റെ വ്യാപ്തിയറിയാതെയാണ് പലരും അതിസാഹസികത കാണിക്കുന്നത്. കുത്തിയൊലിച്ചൊഴുകുന്ന പുഴയുടെ വിഡിയോ പകർത്തുക, സമൂഹമാധ്യമങ്ങളിൽ സ്റ്റാറാകാൻ നിറഞ്ഞുകവിഞ്ഞ പുഴയിലേക്ക് ചാടുക തുടങ്ങിയ കാര്യങ്ങൾ വിപത്തിനെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ പ്രളയകാലത്ത് ചെയ്യരുതെന്ന് പറയുകയാണ് ഡോക്ടർ ഷിംന അസീസ്. നിറഞ്ഞൊഴുകുന്ന ചാലിയാറിന്റെ മുകളിലുള്ള പാലത്തിലൂടെ മൊബൈൽ ക്യാമറയുമായി നടക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഡോക്ടറുടെ കുറിപ്പ്. കുറിപ്പ് ഇങ്ങനെ:

നോക്കൂ... പ്രളയമൊരു കൗതുകമോ കാഴ്‌ചയോ അല്ല. ഈ ദൃശ്യം മലപ്പുറം ജില്ലയിലെ അരീക്കോട്‌ പാലത്തിന്റെ മുകളിൽ നിന്നുമുള്ളതാണ്‌ (Source വാട്ട്‌സപ്പാണ്‌. ഇനി സ്‌ഥലം അതല്ലെങ്കിൽ പോലും ഇതൊന്നും പാടില്ല). നിറഞ്ഞൊഴുകുന്നത്‌ ചാലിയാറാണ്‌. മൊബൈൽ ക്യാമറയുമായി ഇറങ്ങേണ്ട ടൂറിസ്റ്റ് സെന്റർ അല്ല അത്‌. ഏത്‌ നിമിഷവും ആ വീഡിയോ പിടിത്തക്കാരെയുമായി ചാലിയാർ പതഞ്ഞൊഴുകി കുത്തിയൊലിച്ച്‌ പോകാം. അപകടങ്ങൾ വിളിച്ച്‌ വരുത്തരുത്‌.

ചാനൽ ക്യാമറകൾ അത്രയേറെ zoom ചെയ്യാൻ സാധിക്കുന്ന മികച്ച ടെക്‌നോളജിയോട്‌ കൂടിയവയാണ്‌. അവർ സുരക്ഷിത അകലത്ത്‌ നിന്നുമാണ്‌ വീഡിയോകളെടുക്കുന്നത്‌. കൈയിലെ മൊബൈൽ ക്യാമറയുമായി അത്‌ അനുകരിക്കാൻ ശ്രമിക്കുന്നത്‌ വലിയ മണ്ടത്തരമാണ്‌. അപകടസാധ്യത വളരെയേറെ കൂടുതലാണ്‌. ദയവായി ചെയ്യരുത്‌.

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും കഴിഞ്ഞ വർഷം മാതൃഭൂമി ചാനലിന്‌ രണ്ടുപേരെ നഷ്‌ടപ്പെട്ടത്‌ ഓർക്കുന്നുണ്ടാകുമല്ലോ...