‘ചേട്ടാ.. പണം പുറത്ത് വെള്ള ഷർട്ട് ഇട്ടിരിക്കുന്ന അണ്ണൻ തരും.. പുറത്തിറങ്ങി നോക്കിയ കടക്കാരൻ ശരിക്കും ഞെട്ടി. പുറത്തുനിൽക്കുന്ന അൻപതോളം പേർ എല്ലാവരും വെള്ള ഷർട്ട്..’ പാവപ്പെട്ട ഒരു ചായക്കടക്കാരനെ പറ്റിച്ച് യൂത്ത് കോൺഗ്രസുകാർ മുങ്ങിയ കഥയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ച. ട്രോളൻമാരും വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
യൂണിവേഴ്സിറ്റി കോളജ് സമരത്തിനെത്തിയവര്‍ ചായയും പലഹാരങ്ങളും യഥേഷ്ടം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. സംഭവം വൈറലായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിച്ചതിന്റെ പണം നല്‍കി ഡി.വൈ.എഫ്. ഐക്കാര്‍ നായകരായി. കഴിഞ്ഞ തിങ്കളാഴ്ച്ച, യൂണീവേഴ്സിറ്റി കോളജിനെതിരായ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസുകാരെയും കെ.എസ്.യുക്കാരെയും കൊണ്ട് തലസ്ഥാനം നിറഞ്ഞ ദിവസം. സമരത്തിന് മുന്‍പ് ഉഷാറാകാന്‍ ഇവര്‍ സംഘമായി തന്നെ പ്രസ് ക്ലബിനുമുന്നിലെ ദിലീപേട്ടന്റെ ചായക്കടയിലെത്തി. പിന്നെ കിട്ടിയത് എട്ടിന്റെ പണിയെന്നാണ് ദിലീപേട്ടന്‍ പറയുന്നത്.
ഈ പരാതി നാട്ടിലെങ്ങും പാട്ടായതോടെ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധത്തിന് വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കടം നല്‍കരുതെന്ന് മുന്നറിയിപ്പുമായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്തെത്തി. ഇതോടെ മധുരപ്രതികാരത്തിനുള്ള അവസരമാക്കി മാറ്റി ഡി.വൈ.എഫ്.ഐക്കാര്‍. അവര്‍ ചായക്കടയിലെത്തി മുഴുവന്‍ പണവും നല്‍കി. ഏതായാലും പണം തിരികെക്കിട്ടിയ സന്തോഷത്തിലാണ് കടയുടമ.