തൊണ്ടയിലൂടെ ഒരിറ്റ് വെള്ളമിറക്കി ലാല്‍സണ്‍; കാന്‍സര്‍ തോല്‍ക്കുന്നു: പ്രതീക്ഷ

നിഴലു പോലെ കൂടെ നിൽക്കുന്ന പെണ്ണൊരുത്തിയുടെ പ്രാർത്ഥനയുടെ ഫലമാണ് ഈ നിമിഷം. എല്ലാത്തിനും മേലെ കാൻസർ വേദനയുടെ നടുക്കടലിൽ നട്ടംതിരിഞ്ഞു പോയ ചെറുപ്പക്കാരനു വേണ്ടിയുള്ള ഒരു കൂട്ടം സുമസനസുകളുടെ പിന്തുണ. എല്ലാം ഫലം കണ്ടിരിക്കുന്നു. ട്യൂബിലും യന്ത്രങ്ങളിലും ജീവൻ പിടിച്ചു നിർത്തിയിരുന്ന ലാൽസൺ ഒടുവിൽ തൊണ്ടയിലൂടെ ഒരിറ്റ് വെള്ളമിറക്കി. അതും രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ.

പുള്ള് സ്വദേശിയായ ലാൽസൺ എന്ന ചെറുപ്പക്കാരന് കാൻസർ‌ എന്ന മഹാമാരി പകുത്തു നൽകിയ വേദനയുടെ കഥ ഇതിന് മുൻപും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊണ്ടയിൽ കൂടി ഒരിറ്റ് വെള്ളം പോലും ഇറക്കാനാകാത്ത വിധം നാലു ചുമരുകൾക്കുള്ളിൽ ആ ചെറുപ്പക്കാരനെ വിധി തളച്ചിടുകയായിരുന്നു. കണ്ണീരുറഞ്ഞു പോകുന്ന ആ കാഴ്ചയ്ക്ക് മൂക സാക്ഷിയാകാൻ ഉണ്ടായിരുന്നത് ഒരേ ഒരാൾ മാത്രം. ലാൽസനെ പൊന്നു പോലെ പൊതിഞ്ഞു പിടിച്ച നല്ലപാതി സ്റ്റെഫി.

ഇപ്പോഴിതാ കാൻസർ പകുത്തു നൽകിയ വേദനയിൽ നിന്നും താൻ പതിയെ മുക്തനാകുന്നുവെന്നതിന്റെ സൂചനയാണ് ലാൽസൺ നൽകുന്നത്. തന്റെ തൊണ്ടയിൽ കൂടി വെള്ളം ഇറക്കാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റ്‌ കഴിഞ്ഞുവെന്നും താൻ അതിൽ വിജയിച്ചുവെന്നും ലാൽസൺ നിറ കണ്ണുകളോടെ പറയുന്നു.

നാളിതുവരേയും ലാൽസന്റെ തൊണ്ടയിൽക്കൂടി ഒരു തുള്ളി വെള്ളമിറക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ. ഇതിനായി രണ്ടു മൂന്നു ശസ്ത്രക്രിയകൾ നടത്തിയിരുന്നെങ്കിലും അവ പരാജയമായിരുന്നു. അപ്പോഴും തോറ്റു കൊടുക്കാൻ ലാൽസൺ ഒരുക്കമായിരുന്നില്ല. ഇപ്പോൾ ആ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഫലം കണ്ടിരിക്കുകയാണ്.

ബഹ്റൈനിൽ ഉദ്യോഗസ്ഥനായിരുന്ന ലാൽസൻ പത്തു ദിവസത്തെ അവധിക്കു നാട്ടിൽ വന്നപ്പോഴാണ് താടിയിൽ അസ്വാഭാവികമായി ഒരു ചെറിയ തടിപ്പ് കാണുന്നത്. പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചു. തൊണ്ടയിലായതിനാൽത്തന്നെ ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായി. 

സന്തോഷ വാർത്ത പങ്കുവച്ചു കൊണ്ട് ലാൽസന്റെ കുറിപ്പ് ഇങ്ങനെ;

ഞാൻ വെള്ളം കുടിച്ചു രണ്ട് വർഷത്തിന് ശേഷം അരമണിക്കൂർ മുൻപ് എന്റെ തൊണ്ടയിൽ കൂടി ദാഹജലം ഇറങ്ങി ഇന്ന് ടെസ്റ്റ്‌ ആയിരുന്നു വെള്ളം ഇറക്കാൻ സാധിക്കുമോ എന്നറിയാനുള്ള ടെസ്റ്റ്‌ അതിൽ വിജയിച്ചു.. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം. തോൽക്കാൻ മനസ്സില്ലാതെ പോരാടി അതിനു ദൈവം തന്ന സമ്മാനം. രണ്ട് വർഷം കാത്തിരുന്നു ഞാൻ അതിനിടയിൽ നിരവധി സർജ്ജറി, അനവധി തവണ icu ഇപ്പോൾ നാല് മാസം ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ഇപ്പോഴും തൊണ്ടയിൽ ട്യൂബ് ഉണ്ട് ഫുൾ ടൈം ഓക്സിജൻ ഉണ്ട് ബെഡിൽ നിന്നു എഴുന്നേൽക്കാൻ കഴിയില്ല പക്ഷെ ഞാൻ തിരിച്ചു വരും വിധിയെ തോൽപിച്ചു ഞാൻ വരും പഴയ ലാൽസൺ ആയി....... 

...... ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും..... സർവ്വ ശക്തൻ ദൈവത്തിനു നന്ദി ഒപ്പം എന്നെ സ്നേഹിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി 

....

സ്നേഹം മാത്രം... 

..... ലാൽസൺ pullu