ആ ഏഴ് സെക്കന്‍റുകൾ; വിമാന യാത്രികരെ അസ്വസ്ഥരാക്കിയ വിഡിയോ

ക്രൈം നോവലിസ്റ്റ് അലഫെയർ ബർക്ക് പങ്കിട്ട ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാകുന്നു. ഏഴ് സെക്കന്റ് മാത്രമുള്ള ഈ ദൃശ്യങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകളെ അസ്വസ്ഥമാക്കുന്നത്. ഫ്ലൈറ്റ് യാത്രികനായ ഒരാള്‍ കാൽ വിരൽ ഉപയോഗിച്ച് സീറ്റിന് പിന്നിലുള്ള സ്ക്രിനിലെ ഒപ്ഷനുകൾ മാറ്റുന്നതാണ് വി‍ഡിയോ.

അലഫെയർ ബർക്കിന്‍റെ സുഹൃത്ത് യാത്രാവേളയിൽ എടുത്ത ഫൂട്ടേജാണ് ഇതെന്നും അവർക്ക് ട്വിറ്റർ അക്കൗണ്ടില്ലാത്തതിനാലാണ് താനിത് പോസ്റ്റ് ചെയ്യുന്നതെന്നും അലഫെയർ  പറയുന്നു.  

തിങ്കളാഴ്ച വി‍ഡിയോ ഓൺലൈനിൽ പങ്കിട്ടതോടെ  9 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇതോടെ ദൃശ്യങ്ങള്‍ വൈറലായി. യാത്രക്കാരന്‍റെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

“ഞാൻ ട്വിറ്ററിൽ കണ്ട ഏറ്റവും അസ്വസ്ഥമായ കാര്യമാണിത്,” മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിൽ ഒരാൾ എഴുതി. കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്ന സീറ്റിലാണ് ഒരാൾ ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്. വിമാന കമ്പനിക്കാരുടെ കരുതലിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്.

അടുത്ത തവണ സ്വന്തം സീറ്റ് തുടയ്ക്കുമ്പോൾ ആരെങ്കിലും  തുറിച്ചുനോക്കിയാല്‍ അവർക്ക് ഈ വിഡിയോ കാണിച്ചുകൊടുക്കുമെന്നും ചിലർ പറയുന്നു.