കരുത്തും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടന്‍; വാഴ്ത്തി വീണ്ടും പി ജെ ആര്‍മി; കുറിപ്പ്

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫെയ്സ്ബുക്ക് ഗ്രൂപ്പ്. ഫെയ്സ്ബുക്കില്‍ ജയരാജനെ അനുകൂലിക്കുന്ന ഗ്രൂപ്പായ 'പി ജെ' ആണ് ജയരാജയന്‍ സ്തുതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രൂപ്പുകളില്‍ നടക്കുന്ന അനഭിലഷണീയ ചര്‍ച്ചകള്‍ക്കെതിരെ ജയരാജന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റി. 

'ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്' എന്നുപറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ട 'പി ജെ' എന്ന് പേരുള്ള പല ഗ്രൂപ്പുകളിലും ഇപ്പോള്‍  സിപിഎമ്മിന്‍റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നുവെന്ന് പറഞ്ഞ ജയരാജന്‍ അത്തരം ഗ്രൂപ്പുകള്‍ അതിന്‍റെ പേരില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം അനുകൂലമെന്ന് പറയുന്ന പല ഗ്രൂപ്പുകളിലും നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയാണ് ചര്‍ച്ചകള്‍. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

എന്‍റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹൃത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്, ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു' എന്നും ജയരാജന്‍ കുറിച്ചിരുന്നു.

ജയരാജനെ അനുകൂലിച്ച് വന്ന ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ; 

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....

അതിനെ പ്രധാനമായും മനുഷ്യ സ്നേഹം എന്ന ഒറ്റവാക്കിനാൽ രേഖപ്പെടുത്തുന്നു....

വെറുപ്പിന്റെ രാഷ്ട്രീയ തണലിൽ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്നേഹത്തിന്റെ ചെങ്കൊടി നൽകി...

കണ്ണൂരിന്റെ സാന്ത്വന സ്പർശങ്ങൾക്കും ഉണ്ട് സ:പിജെയുടെ കരുതലുകൾ....

പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നു......

ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്....

എന്നും അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും.....

ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ......

അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു....

സ്നേഹാഭിവാദ്യങ്ങൾ