മഹി ഗില്ലിന് നേരെ കയ്യേറ്റം; ആക്രമണത്തില്‍ സന്തോഷ് തുണ്ടിയിലിന് പരുക്ക്: പ്രതിഷേധം

മുംബൈയിൽ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലിന് പരുക്ക്. വെബ് സീരീസ് ചിത്രീകരണത്തിനിടെയാണ് ആക്രമണമുണ്ടായത്. സന്തോഷിനു നെറ്റിയിലും കയ്യിലും സാരമായി പരുക്കേറ്റു. ആറ് സ്റ്റിച്ച് ഉണ്ട്. നടി മഹി ഗില്ലിനെ ആക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് മർദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവർത്തകരും ആക്രമണത്തിന് ഇരയായി.

അനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മാതാവ് പറഞ്ഞു.

നടിയെ പെട്ടന്നു തന്നെ വാനിറ്റി വാനിൽ നിന്നും കാറിലേയ്ക്കു സുരക്ഷിതമായി മാറ്റിയിരുന്നു. വാനിറ്റി കാർ അക്രമികൾ അടിച്ചുതകർത്തു. പൊലീസ് ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും 18 ലക്ഷം രൂപയുടെ നഷ്ടം സെറ്റിൽ സംഭവിച്ചുവെന്നും നിർമാതാവ് മാധ്യമങ്ങളോട് പറഞ്ഞു.