ഉഴുന്നുവടയും ഉന്നക്കയും രുചിച്ച് മോദി; മസാല ടീയും ചോദിച്ചുവാങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഗുരുവായൂരിൽ തുലാഭാരത്തിനായി വേണ്ടിവന്നത് 91 കിലോഗ്രാം താമരപ്പൂ. 111 കിലോ താമരപ്പൂവാണു ശുചീന്ദ്രത്തു നിന്ന് ഇതിനായി കൊണ്ടുവന്നത്. എതിരെ വരുന്ന ആയുധങ്ങളെല്ലാം പൂക്കളായി മാറണം എന്നതാണ് പൂക്കൾ കൊണ്ടു തുലാഭാരം നടത്തുന്നതിന്റെ സങ്കൽപം.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എംഡി പി.ആർ.കൃഷ്ണകുമാറിന്റെ വഴിപാടായിട്ടായിരുന്നു തുലാഭാരം. മോദിയുടെ വഴിപാടായി കളഭച്ചാർത്ത്, അഹസ്, അപ്പം, അട, അവിൽ, ശ്രീലകത്ത് നെയ് വിളക്ക് , ഭഗവതിക്ക് അഴൽ വഴിപാടുകൾ എന്നിവയും നടത്തി. 39,421 രൂപയുടെ വഴിപാടുകളാണ് ആകെ നടത്തിയത്.

ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മോദിക്കു കുടിക്കാൻ നൽകിയത് ഇളനീർ. ദർശനം കഴിഞ്ഞെത്തിയപ്പോൾ അദ്ദേഹം മസാല ടീ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനൊപ്പം പനീർ റോൾ, ഉഴുന്നുവട, ഉന്നക്കായ, ഫിംഗർ ഷെയ്പ്ഡ് വെജിറ്റബിൾ കട്‌ലറ്റ്, പഞ്ചാബി സമോസ, രജ്മ കബാബ്, ഫിംഗർ ചിപ്സ്, കശുവണ്ടിപ്പരിപ്പ്, വാൽനട്ട്, ബദാം, കുക്കീസ്, ബിസ്കറ്റ് എന്നിവയും ഒരുക്കിയിരുന്നു. ചിലതെല്ലാം അദ്ദേഹം രുചി നോക്കി. ടൂറിസം വകുപ്പിലെ വിദഗ്ധ പാചകക്കാർ ശ്രീവത്സം ഗെസ്റ്റ്ഹൗസിലെ പ്രത്യേക പാചകപ്പുരയിലാണു വിഭവങ്ങൾ തയാറാക്കിയത്.