മോദിയുടെ സത്യപ്രതിഞ്ജ ടിവിയിൽ കണ്ടിരിക്കുന്ന ഒബാമ; ചിത്രത്തിന് പിന്നിലെ സത്യം

വമ്പൻ ഭൂരിപക്ഷത്തിൽ രാജ്യത്ത് വീണ്ടും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുന്നു. ലോകരാജ്യങ്ങളുടെ തലവൻമാരിൽ നിന്നും അഭിനന്ദനപ്രവാഹം. സത്യപ്രതിഞ്ജ ചടങ്ങ് രാജ്യത്തിന്റെ പല ഭാഗത്തും ടിവി സ്ക്രീൻ ഒരുക്കി തൽസമയം പ്രദർശിപ്പിച്ച് ബിജെപി പ്രവർത്തകരും സജീവമായിരുന്നു. ഇക്കൂട്ടത്തിൽ സൈബർ ലോകത്ത് വൈറലായത് മറ്റൊരു ചിത്രമായിരുന്നു. മോദിയുടെ സത്യപ്രതിഞ്ജ ചടങ്ങ് തൽസമയം കാണുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ. ടിവിയിൽ ചടങ്ങുകാണുന്ന ഒബാമയുടെ ചിത്രം ഒട്ടേറെ ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. എന്നാൽ ഇൗ ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സൈബർ ലോകം.

ഫോട്ടോഷോപ്പ് ചിത്രങ്ങളിറക്കി വ്യാജപ്രചാരണം നടത്തുന്നത് ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ പതിവാണ്. ഇത്തവണ ഒബാമയാണ് ഇരയായത്. 2014 ജൂൺ 26ന് ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് 2019ൽ മോദിയുടെ സത്യപ്രതിഞ്ജ ചടങ്ങ് കാണുന്ന രീതിയിലേക്ക് മാറ്റിയത്. ടിവിയിൽ ഫുട്ബോൾ മൽസരം കാണുകയാണ് ഒബാമ. ഇൗ ഫോട്ടോയിൽ ടിവിയിൽ മോദിയെ ചേർത്തുവച്ചാണ് വ്യാജപ്രചാരണം നടത്തിയത്.