പണം തികയാത്ത കുട്ടിക്ക് നന്‍മയുടെ ടിക്കറ്റ് മുറിച്ചു; ഇതാ ആ കണ്ടക്ടര്‍

നന്മയുടെ ടിക്കറ്റാണ് ആ വിദ്യാർഥിക്കു ജോഫിൻ നൽകിയത്. ആ നന്മയ്ക്ക് അഭിനന്ദനവുമായി എത്തിയതു കെഎസ്ആർടിസി സിഎംഡി മുതല്‍ സമൂഹമാധ്യത്തിലൂടെ ജനമായിരങ്ങളും. കഴിഞ്ഞ  ദിവസം കോട്ടയം–ചെമ്മണ്ണാർ  കെഎസ്ആർടിസി ബസിലെ കണ്ടക്ടർ ജോഫിൻ ജേക്കബാണു യാത്രയ്ക്കു പണം തികയാത്ത വിദ്യാർഥിക്കു പണം നോക്കാതെ ടിക്കറ്റ് നൽകി സഹായിച്ചത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

കോട്ടയത്തു നിന്നു കട്ടപ്പനയ്ക്കു പോകാൻ കയറിയ വിദ്യാർഥിയുടെ കൈവശം കട്ടപ്പന വരെയുള്ള ടിക്കറ്റ് ചാർജ് ഇല്ലായിരുന്നു. കട്ടപ്പന വരെ എത്ര രൂപയാണെന്നു വിദ്യാർഥി ചോദിച്ചു. 119 രൂപയാണെന്നു പറഞ്ഞപ്പോൾ അടുത്ത സ്റ്റോപ്പുകളിലേക്കുള്ള ചാർജുകളും ചോദിച്ചു. യാത്രക്കാരന്റെ കയ്യിൽ പൈസ ഇല്ലെന്നു മനസ്സിലാക്കിയ ജോഫിൻ കട്ടപ്പനയ്ക്കുള്ള ടിക്കറ്റ് വിദ്യാർഥിക്കു നൽകി.

കോട്ടയത്ത് ഐഇഎൽടിഎസ് പഠിക്കുന്ന വിദ്യാർഥിയാണെന്നും പഠനാവശ്യത്തിനു ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ കുറച്ചു പൈസ തീർന്നെന്നും ഇയാൾ അറിയിച്ചു. നൂറു രൂപയോളം കൈവശമുണ്ടെന്നും വിദ്യാർഥി പറഞ്ഞു. ടിക്കറ്റ് നൽകിയ ജോഫിൻ പൈസ എണ്ണിപ്പോലും നോക്കാതെ ബാഗിലേക്കിട്ടു. ഈ നന്മയാണു ബസിലെ യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

ഇതു വൈറലായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നു ജോഫിന് അഭിനന്ദന സന്ദേശമെത്തി. ഇന്നലെ രാവിലെ കെഎസ്ആർടിസി സിഎംഡി എം.പി.ദിനേശിന്റെ ഓഫിസിൽ നിന്നു വിളിച്ചു സിഎംഡിയുടെ അഭിനന്ദനവും അറിയിച്ചു. കോട്ടയം ഡിപ്പോയിലെ കണ്ടക്ടറായ ജോഫിൻ കാഞ്ഞിരപ്പള്ളി ഇടച്ചോറ്റി സ്വദേശിയാണ്.