അമ്മ കുഞ്ഞിനെ ജീവനോടെ മാലിന്യത്തിൽ കുഴിച്ചിട്ടു; രക്ഷകനായി മൂന്ന് കാലുള്ള നായ: കയ്യടി

ബാങ്കോക്കിലുള്ള 15 വയസുകാരിയാണ് കുഞ്ഞിനെ പ്രസവിച്ച ഉടൻ മാലിന്യ കൂമ്പാരത്തിൽ കുഴിച്ചിട്ടത്. വളരെ യാദൃശ്ചികമായാണ് കുഞ്ഞ് നായയുടെ കണ്ണിൽപ്പെടുന്നത്. ഉസ നാസിക്ക് എന്ന ഉടമയോടൊപ്പം സവാരിക്ക് ഇറങ്ങിയതായിരുന്നു പിങ്ങ്പോങ്ങ് എന്ന നായ്കുട്ടി. ഗ്രാമത്തിലെ ഒരു വയലിന്റെ അടുത്തുള്ള മാലിന്യ കൂമ്പാരത്തിനടുത്ത് എത്തിയപ്പോൾ പിങ്ങ് പോങ്ങ് നടത്തം അവസാനിപ്പിച്ച് അതിന് ചുറ്റും വട്ടമിട്ട് നടന്നു. മാലിന്യകൂമ്പാരം നീക്കിയശേഷം നായ മണ്ണ് ഇളകി കിടന്ന ഭാഗം മാന്തിനോക്കാൻ തുടങ്ങി. പെട്ടന്നാണ് കുഞ്ഞിന്റെ കാൽ പൊങ്ങിവന്നത്. 

ഇത് കണ്ടതും നായ കുരച്ചും ഓരിയിട്ടും ഉടമയുടെ ശ്രദ്ധ ക്ഷണിച്ചു. ഉസ നാസിക്ക് വന്ന് കുഴി മൂടിയിരുന്ന മണ്ണ് നീക്കിയപ്പോൾ കണ്ടപ്പോൾ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെയാണ്. ഉടനെ തന്നെ അവർ മറ്റ് ഗ്രാമവാസികളുടെ സഹായത്തോടെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

ഒരു അപകടത്തെതുടർന്ന് പിങ്ങ് പോങ്ങ് എന്ന നായകുട്ടിയുടെ ഒരു കാൽനഷ്ടപ്പെട്ടിരുന്നു. മൂന്നുകാൽ മാത്രമുപയോഗിച്ചാണ് നായ മണ്ണ് മാന്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ ഒരു പതിനഞ്ചുവയസുകാരിയാണെന്ന് കണ്ടെത്തി. ഗർഭിണിയാണെന്നുള്ള വിവരം വീട്ടിൽ പറയാനുള്ള ഭയം കൊണ്ടാണ് അത് മൂടിവെച്ച് പ്രസവിച്ചയുടനെ കുഞ്ഞിനെ ജീവനോട് കുഴിച്ചുമൂടിയത്.

പൊലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നു. അതിനാൽ മനശാസ്ത്രജ്‍ഞന്റെയടുത്ത് ചികിൽസയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളാമെന്ന് വീട്ടുകാർ അറിയിച്ചു. ഈ സംഭവത്തോടെ പിങ്ങ് പോങ്ങ് നാട്ടിലെ താരമായി മാറി.