കുട്ടി: 100 രൂപയ്ക്ക് എവിടെ വരെ പോകും; കണ്ടക്ടര്‍: പൈസ ഇല്ലേടാ നിന്റെ കയ്യിൽ: കുറിപ്പ്

ചിത്രം കടപ്പാട്: ഫെയ്സ്ബുക്ക്

‘ചില മനുഷ്യരോട് വല്ലാത്ത ഇഷ്ടം തോന്നുമെന്ന് പറയുന്നത് കാഴ്ചയിലല്ല ദേ ഇതു പോലുള്ള പ്രവൃത്തി കൊണ്ടാണ്..’ കെ.എസ്.ആർ.ടി.സിയുടെ പെരുമ കേവലം പാരമ്പര്യം മാത്രമല്ല, ദേ ഇതുപോലുള്ള ചില ജീവനക്കാരും കൂടിയാണ്. ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് കുറിപ്പിന് ചുവട്ടിലെ കമന്റുകൾ. ഒരു കുട്ടിയും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ അനുഭവത്തിന്റെ കുറിപ്പാണ് വൈറലാകുന്നത്. 

സംഭവം ഇങ്ങനെ: കയ്യിൽ ആകെയുള്ള നൂറു രൂപയുമായിട്ടാണ് ഇൗ കുട്ടി ബസിൽ കയറിയത്. പോകേണ്ടത് കോട്ടയത്ത് നിന്ന് കട്ടപ്പനയിലേക്ക്. ബസ് മുന്നോട്ട് നീങ്ങി. ടിക്കറ്റ് നൽകാനായി കണ്ടക്ടറും എത്തി. അവൻ ചോദിച്ചു സാറെ ഒരു കട്ടപ്പന. 119 രൂപ. കണ്ടക്ടർ മറുപടി നൽകി. അയ്യോ സാറെ അതിന് മുൻപുള്ള സ്റ്റോപ്പ് എത്രയാവും. അത് കാഞ്ചിയാർ 113 രൂപ. കണ്ടക്ടർ മറുപടി നൽകിയതോടെ അവന്റെ മുഖം ആകെ വാടി. സാറെ 100 രൂപയ്ക്ക് എവിടെ വരെ പോകുമോ അവിടെ വരെയുള്ള ടിക്കറ്റ് തരൂ. 

അവന്റെ ആ ചോദ്യത്തിന് മുന്നിൽ കണ്ടക്ടർക്ക് കാര്യം മനസിലായി. പൈസ ഇല്ലേടാ നിന്റെ കയ്യിൽ.. സാറെ 100 രൂപയേ ഉള്ളൂ അതാ... അവൻ പറഞ്ഞു. കണ്ടക്ടർ ടിക്കറ്റ് നൽകി. അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു. 119 രൂപയുടെ ടിക്കറ്റാണ് നൽകിയിരിക്കുന്നത്. വാക്കുകളില്ലാതെ അവന്റെ കയ്യിലുള്ള പണം നൽകി. 100 ന്റെ ഒറ്റനോട്ടായിരുന്നില്ല അവൻ നൽകിയത്. ചില്ലറയായി നൽകിയ ആ പണം എണ്ണിനോക്കാതെ ഒരു ചിരി സമ്മാനിച്ച് കണ്ടക്ടർ ബാഗിലേക്കിട്ട് മുന്നോട്ട് നടന്നു.’ അനുഭവം പങ്കുവച്ച് യുവാവ് കുറിച്ചു. കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെങ്കിലും തികഞ്ഞ നൻമയുടെ ലാഭത്തിലോടുന്ന ഇൗ കണ്ടക്ടർക്ക് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളിൽ.