‘ലങ്കിമറിയാന്‍’ ഇനി മൂസക്കയില്ല; നോവായി ‘മിഅ്റാജ് രാവിലെ കാറ്റും’ ആയിരമായിരം പാട്ടുകളും

‘എടോ ഇത് ആകാശവാണിയിൽ വോയിസ് ടെസ്റ്റിനുള്ള അപേക്ഷ ഫോം ആണ്. താൻ പേര് പറഞ്ഞേ...’ ഒരു ക്ലബിൽ വച്ച് തന്റെ പാട്ട് കേട്ട് അഭിനന്ദിച്ച മനുഷ്യനാണ്. അന്നേ പറഞ്ഞിരുന്നു നല്ല ശബ്ദമാണ് തനിക്ക് ആകാശവാണിയിൽ പാടിക്കൂടെ എന്ന്. ഇന്ന് അയാൾ ഫോമുമായി മുന്നിൽ നിൽക്കുന്നു. ആകാശവാണി എന്ന സ്വപ്നം അന്ന് ഏതുഗായകനാണ് ഇല്ലാത്തത്. ഞാൻ പേര് പറഞ്ഞു. വലിയകത്ത് മൂസ. അപ്പോൾ അയാൾ ചോദിച്ചു. ഏതാ തന്റെ നാട്. ‍ഞാൻ പറഞ്ഞു എരഞ്ഞോളി. എന്നാ എരഞ്ഞോളി മൂസ എന്നാക്കട്ടെ പേര്. ശരി എന്ന് മറുപടി നൽകി. അന്ന് എന്റെ ഫോം പൂരിപ്പിച്ച ആ മനുഷ്യനെ അന്ന് ഞാൻ അത്ര മനസിലാക്കിയിരുന്നില്ല. പിന്നീടാണ് ‍ഞാൻ ആ വലിപ്പം അറിഞ്ഞത്. കെ.രാഘവൻ മാഷായിരുന്നു ആ മനുഷ്യൻ..’ മാപ്പിളപ്പാട്ടിന്റെ ജനകീയതയിൽ ചരിത്രം രേഖപ്പെടുത്തിയ ഇൗ പേരിന്റെ ജനനം ഇങ്ങനെയായിരുന്നു. സംഗീതം ബാക്കിയാക്കി എരഞ്ഞോളി മൂസ മടങ്ങുമ്പോൾ പാടി തീർത്ത പാട്ടുകൾ മൈലാഞ്ചി ചേലോടെ ഇപ്പോഴും നിറയുന്നുവെന്ന് ആരാധകർ മനസിൽ കുറിക്കുന്നു.

ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. കൊടുംപട്ടിണിയുടെ ബാല്യം പതിനൊന്നാമത്തെ വയസിൽ സംഗീതം കൂട്ടിനെത്തി. എന്നാൽ സംഗീതം പട്ടിണി മാറ്റുമെന്ന് അന്ന് ഇൗ മനുഷ്യൻ തിരിച്ചറിഞ്ഞില്ല. ആദ്യമൊക്കെ അന്നത്തിനായി പാടി. പിന്നീട് പകൽ കൂലിപ്പണിയും വൈകുന്നേരം പാട്ടുകളുമായി കാലം കുറച്ച്. ‘അരിമുല്ലപ്പൂ മണം നല്ലോളെ.. അഴകിലേറ്റം ഗുണമുള്ളോളെ..’ എന്ന പാട്ട് കലാസമിതിക്ക് വേണ്ടി ഒരു പരിപാടിയിൽ പാടി. തന്റെ ശബ്ദത്തിൽ ലയിച്ചിരുന്നവരുടെ മുഖത്ത് നിന്ന് അന്ന് അദ്ദേഹം വായിച്ചെടുത്തു. സംഗീതം പട്ടിണിമാറ്റുമെന്ന്. പിന്നീട് പടച്ചോൻ തുറന്നിട്ട വഴികളും വരികളും. അവിടെയ്ക്കെല്ലാം അയാളെ താളമിട്ട് ആനയിക്കുകയായിരുന്നു കാലം. അങ്ങനെ എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്റെയും മകൻ മലയാളിക്ക് പ്രിയപ്പെട്ട എരഞ്ഞോളി മൂസയായി. 

ശരത്‌ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കിൽ നിത്യസന്ദർശകനായിരുന്ന കെ.രാഘവനാണു മൂസയെ മാപ്പിളപ്പാട്ടിൽ പ്രോൽസാഹിപ്പിച്ചത്. മിഅ്റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു ശബ്ദം നൽകിയതും ഇൗ കലാകാരനാണ്. അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ്  വിടവാങ്ങിയത്. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളിൽ മാപ്പിളപ്പാട്ടു പാടിയിട്ടുണ്ട്. ദിലീപ് നായകനായ ഗ്രാമഫോൺ എന്ന സിനിമയിലും പ്രധാനവേഷത്തിൽ എത്തി. അവിടെയും സംഗീതമായിരുന്നു വേഷത്തിന് അകമ്പടി. 

വേദിയിൽ നിന്നും വേദിയിലേക്കുള്ള യാത്രയിലായിരുന്നു മൂസാക്കയുടെ സംഗീത ജീവിതം എന്ന് ഇഷ്ടക്കാർ പറയും. മാപ്പിളപ്പാട്ട് പാടാൻ കടൽ കടന്ന് ഗൾഫിലേക്ക് മാത്രം പോയത്  468 ലേറെ തവണയാണ്. ഒരുപക്ഷേ പാടാൻ മാത്രമായി ഇത്രതവണ ഗൾഫിലെത്തിയ ഗായകൻ എന്ന റെക്കോർഡ് മൂസാക്കയ്ക്ക് സ്വന്തമായിരിക്കും. ജാതി–മത ചിന്തകൾക്ക് അപ്പുറം മനുഷ്യനെ ഒന്നിക്കുന്ന സർഗസൗന്ദര്യമാണ് സംഗീതമെന്ന് മൂസാക്ക എപ്പോഴും വിശ്വസിച്ചിരുന്നു. അതാണ് ആറര പതിറ്റാണ്ട് കാലം ജീവിതത്തെ മൈലാഞ്ചി മൊഞ്ചോടെ പാടി കൊണ്ടുനടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും. 

തലമുറകൾ ഏറ്റുപാടിയ മാണിക്യമലരായ പൂവ്

മാണിക്യമലരായ പൂവ് വിടർന്നതു തലശ്ശേരിയിലാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ പി.എം.എ. അബ്ദുൽ ജബ്ബാർ എഴുതിയ ആ വരികൾ തലശ്ശേരി കെ. റഫീഖിന്റെ ഈണത്തിൽ വിരിഞ്ഞ്, എരഞ്ഞോളി മൂസയുടെ ശബ്ദത്തിൽ സുഗന്ധം പരത്തി. 40 വർഷം മുൻപു കല്യാണവീടുകളിൽ തലശ്ശേരി റഫീഖും 30 വർഷം മുൻപ് ഓഡിയോ കസെറ്റിൽ എരഞ്ഞോളി മൂസയും പാടിയ ആ പാട്ട് ഇന്നു സമൂഹ മാധ്യമങ്ങളിലും പടരുന്നു. ഒരുകാര്യം ഉറപ്പാണ്, ലോകത്തിന്റെ ഏതു കോണിൽ പാറി വീണാലും ആ പാട്ടിന്റെ ജീവൻ ഇവിടെത്തന്നെയാണ്. മാപ്പിളപ്പാട്ടിന്റെ ജന്മനാടായ തലശ്ശേരിയിൽ. തലമുറകൾ പിന്നിട്ട് മാണിക്യമലരായ പൂവി... തരംഗമാകുമ്പോൾ പാട്ടിന്റെ പെറ്റമ്മയും പോറ്റമ്മയുമായ രണ്ടു കലാകാരൻമാർ തലശ്ശേരി കെ.റഫീഖ്, എരഞ്ഞോളി മൂസ രണ്ടുപേരും തലശ്ശേരിയിലിരുന്ന് അത് ആസ്വദിക്കുന്നുണ്ട്. മാനുഷികമായ ചില വികാരങ്ങൾ മൂലം മാണിക്യമലരിനെ ചൊല്ലി രണ്ടുപേരും ഇടക്കാലത്ത് അൽപകാലം പിണങ്ങി നിന്നിട്ടുണ്ട്. പക്ഷേ, അനുഗ്രഹീതരായ രണ്ടു കലാകാരൻമാരുടെ ഹൃദയങ്ങൾ അതിനെക്കാൾ മുകളിലായതിനാൽ രണ്ടുപേരും പരസ്പരം ഇപ്പോഴും ബഹുമാനിക്കുന്നു.