വേദനകളില്ലാത്ത ആകാശത്തേക്ക്, വരകളില്ലാത്ത ലോകത്തേക്ക് മെറിൻ യാത്രയായി

തൃശൂർ : ആശുപത്രിക്കിടക്കയിലെ പീഡാനുഭവകാലത്ത് മെറിൻ വരച്ച ചിത്രങ്ങളിലൊന്നിൽ ആകാശത്തേക്കു കൂടുതുറന്നു പറക്കുന്ന പക്ഷികളെ കാണാം. മറ്റൊരു ചിത്രത്തിൽ കാണുന്നത് ആകാശനീലിമയിലേക്കു പറന്നുയരുന്ന സാന്താക്ലോസിനെ. ആകാശ പശ്ചാത്തലത്തിൽ ചില്ലകളിൽ ചേക്കേറിയ പക്ഷികളാണ് വേറൊരു ചിത്രത്തിൽ. ഒട്ടുമിക്ക ചിത്രങ്ങളിലെല്ലാം കാണാം, പല വർണത്തിലും രൂപത്തിലുമുള്ള ആകാശക്കാഴ്ചകൾ. താൻ വരച്ചു കൂട്ടിയ വേദനകളില്ലാത്ത ആകാശത്തേക്ക്, ഒടുവിൽ മെറിൻ യാത്രയായി. ദുഃഖവെള്ളി ദിനത്തിൽ മറ്റൊരു ദുഃഖസ്മരണയായി മെറിൻ വരച്ച ചിത്രങ്ങൾ ബാക്കിയായി. 

അരണാട്ടുകര ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മെറിൻ ജെറി (13). അരണാട്ടുകര തത്രത്തിൽ പൊന്മാണി ജെറി ഫ്രാൻസിസിന്റെയും നിഷയുടെയും മകള്‍. പഠിക്കാൻ മിടുക്കി. പെൻസിൽ ഉപയോഗിച്ചുള്ള വരയിൽ ചെറുപ്പം മുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പഠനത്തിൽ തന്നെയായിരുന്നു ശ്രദ്ധ. പെയിന്റിങ്ങിലേക്കു മനസ് തിരിഞ്ഞതുമില്ല

ഏഴുമാസം മുൻപു തൊണ്ടവേദനയുടെ രൂപത്തിലാണ് രക്താർബുദ ലക്ഷണം ആദ്യം കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ പ്രയാസപ്പെട്ടു തുടങ്ങിയപ്പോൾ വിദഗ്ധ ചികിത്സ തുടങ്ങി. രക്താർബുദമാണെന്നു തിരിച്ചറിഞ്ഞത് അപ്പോഴാണ്. ആദ്യം തൃശൂരിലും എറണാകുളത്തും ചികിത്സിച്ച ശേഷം പിന്നീട് വെല്ലൂരിലേക്കു മാറ്റി. ആറുമാസം നീണ്ട ആശുപത്രിവാസം. വേദന മനസിനെയും ശരീരത്തെയും കീഴടക്കാൻ തുടങ്ങിയപ്പോൾ മെറിൻ ബ്രഷും പെൻസിലും കയ്യിലെടുത്തു

പെൻസിൽ സ്കെച്ചുകളിൽ നിന്നായിരുന്നു തുടക്കം. പ്രകൃതിയായിരുന്നു പല ചിത്രങ്ങളുടെയും ഇതിവൃത്തം. എല്ലാ ചിത്രങ്ങളിലും വർണാഭമായ ആകാശക്കാഴ്ചകൾ നിറഞ്ഞിരുന്നു. 

അരണാട്ടുകര സെന്റ് തോമസ് പള്ളിവികാരി ഫാ. ബാബു പാണാട്ടുപറമ്പിലിന് മെറിൻ ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നു. ഒപ്പമൊരു അപേക്ഷയും, ‘എനിക്കു വേണ്ടി പ്രാർഥിക്കണം.’ രോഗത്തിന്റെ പീഡാനുഭവങ്ങൾ വർധിച്ച കാലത്തും മെറിൻ വരയുടെ ലോകത്തു നിന്നു മടങ്ങിയില്ല. ഒടുവിൽ, വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്കു മടക്കം