മരണവീട്ടിൽ കരയുന്ന സ്ത്രീയെ ആശ്വസിപ്പിച്ച് കുരങ്ങൻ: കണ്ണുനിറച്ച് വിഡിയോ: അമ്പരപ്പ്

കർണാടകയിലെ ഒരു മരണവീട്ടിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മരിച്ചയാളുടെ ബന്ധുക്കൾ കരയുമ്പോൾ ആശ്വസിപ്പിച്ച് ഒരു കുരങ്ങൻ. ഇതിന്റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം വിചിത്രവും മനസ്സിൽ തൊടുന്നതുമാണ്. മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന സ്ത്രീയുടെ അടുത്തേക്ക് നടന്നു വന്ന് അവരുടെ കയ്യിലും തോളിലും തട്ടി ആശ്വസിപ്പിക്കുകയാണ് ഈ കുരങ്ങന്‍. സ്ത്രീയുടെ തല തന്റെ മാറത്തേച്ച് ചായ്ച്ച് വച്ച് വേദന പങ്കിടുന്നുമുണ്ട് ഈ കുരങ്ങൻ.

കർണാടകയിലെ നർഗുണ്ട് എന്ന സ്ഥലത്തുള്ള 80–കാരനാണ് മരണപ്പെട്ടത്. ബന്ധുക്കളെല്ലാം മൃതദേഹത്തിനരികെ വിഷമിച്ചിരിക്കുന്ന സമയത്താണ് കുരങ്ങൻ അവിടേക്ക് നടന്ന് വരുന്നത്.  മനുഷ്യനെപ്പോലെ തന്നെ വിവേകപരമായി പെരുമാറുന്ന മൃഗമാണ് കുരങ്ങനെന്ന് തെളിയിക്കുകയാണ് ഈ വിഡിയോ. 

എന്നാൽ ഇതാദ്യമല്ല ഈ കുരങ്ങൻ ഇങ്ങനെ ചെയ്യുന്നത്. ഒരു വർഷത്തോളമായി ഇത് പല മരണവീടുകളിലും എത്തുന്നുണ്ട്. അവിടെയുള്ളവർ പരസ്പരം ആശ്വസിപ്പിക്കുന്നത് കണ്ട് അതുപോലെ അനുകരിക്കുമെന്നാണ് പ്രദേശവസികൾ പറയുന്നത്. മാത്രമല്ല ഇപ്പോൾ ഈ നാട്ടിലെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകണമെങ്കിൽ ഈ കുരങ്ങൻ വരണമെന്ന സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.