‘നന്ദിയുണ്ട്’; ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; കേക്ക് മുറിച്ച് യൂത്ത് കോണ്‍ഗ്രസ്: വിഡിയോ

ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ. തൃശൂരിലെ ദേശമംഗലത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചതും അംഗത്വം സ്വീകരിച്ചതും. ടോം വടക്കന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ ‘ചാണക വടക്കന് നന്ദി’ എന്ന് എഴുതിയ കേക്കാണ് ഇവര്‍ മുറിച്ചത്. ഒരു ശല്യമൊഴിഞ്ഞതിൽ കോൺഗ്രസിന് സന്തോഷമേയുള്ളെന്ന് കേക്ക് ആഘോഷം നടത്തിയവർ വ്യക്തമാക്കി. 

ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ടോം വടക്കന്‍റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ ചര്‍ച്ചകളിലടക്കം കോണ്‍ഗ്രസിനുവേണ്ടി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. 

ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചതും അംഗത്വം സ്വീകരിച്ചതും. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ടോം വടക്കന്‍റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ ചര്‍ച്ചകളിലടക്കം കോണ്‍ഗ്രസിനുവേണ്ടി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. 

പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിക്കാനാകാത്തുകൊണ്ടാണ് പാര്‍ട്ടിവിട്ടതെന്ന് ടോം വടക്കന്‍ പറഞ്ഞു. ബാലാക്കോട്ടില്‍ നടത്തിയ തിരിച്ചടി അനിവാര്യമായിരുന്നു. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ താന്‍ നടത്തിയ വിമര്‍ശനങ്ങളെല്ലാം പാര്‍ട്ടിയുടെ നിലപാടായിരുന്നു. വ്യക്തിപരമായിരുന്നില്ല. നരേന്ദ്ര  മോദിയുടേത് നല്ല വികസന കാഴ്ചപ്പാടെന്നും ടോം വടക്കന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മുന്‍പ് തൃശൂരില്‍ മല്‍സരിക്കാന്‍ ടോം വടക്കന്‍ ശ്രമിച്ചിരുന്നെങ്കിലും‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബി.െജ.പിയിലെത്തിയ ടോം വടക്കന്‍ തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍ എവിടെയെങ്കിലും സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ട്. ടോം വടക്കന് ലോക്സഭാ സീറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത് ഇലക്ഷന്‍ കമ്മിറ്റിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. ടോം വടക്കനുപിന്നാലെ കേരളത്തില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടു.