കാന്‍സര്‍ വന്ന അച്ചുവിനെ രമേശ് പരിചരിച്ച വിധം: കണ്ണീര് പൊടിയും വാക്ക്, വിഡിയോ

അര്‍ബുദം  ബാധിച്ചവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൃത്യമായ പരിചരണത്തിന്റെ കാര്യത്തിലാണ്. രോഗം വരുന്നതോടെ ജീവിതം തീര്‍ന്നുവെന്ന് രോഗിയും അടുത്ത ബന്ധുക്കളും കരുതും. പട്ടാമ്പി സ്വദേശി രമേഷ് കുമാറിന്‍റെ ജീവിതം സ്നേഹപരിചരണങ്ങളുടേതാണ്. അര്‍ബുദം  കവര്‍ന്ന ജീവിത പങ്കാളിയെ രമേഷ് പരിചരിച്ച വിധം മാതൃകതന്നെയാണ്.

കരുതലിനെക്കുറിച്ച് പറയാന്‍ രമേഷിനേക്കാള്‍ യോഗ്യത മറ്റാര്‍ക്കാണ്? അര്‍ബുദം ബാധിച്ച ഭാര്യ അച്ചുവിനെ ഒറ്റക്ക് പരിചരിച്ചയാള്‍. മഹാരോഗം അവളെ തട്ടിപ്പറിച്ചപ്പോഴും മകനെ നെഞ്ചോട് ചേര്ത്ത് അതിനെ അതിജീവിച്ചയാള്‍. ഞാനും മോനും ജീവിച്ചിരിക്കുന്ന കാലം അവള്‍ മരിക്കില്ലെന്ന് പറഞ്ഞയാള്‍. 

ഫെയ്സ്ബുക്കിലെ ചെറുകുറിപ്പുകളിലൂടെയാണ് രമേഷ് ശ്രദ്ധേയനാകുന്നത്. പലതും കണ്ണീര് തടയാതെ വായിക്കാന്‍ സാധിക്കില്ല. ആ കാലത്തെക്കുറിച്ച് , കരുതലിനെക്കുറിച്ച്, അതിജീവനത്തെക്കുറിച്ച് അദ്ദേഹം പതറാതെ മറുപടി നല്‍കി.  

രോഗികളെ പരിചരിക്കുന്നവരോട് രമേഷിന് ചിലത് പറയാനുണ്ട്. അര്‍ബുദത്തിനെതിരെയുള്ള പോരാട്ടവും ഓര്‍മപ്പെടുത്തലുമാണ് രമേഷിന്റെ ഓരോ ഫെയ്സ്ബുക്ക് കുറിപ്പുകളും. കേരള കാനിന് പിന്തുണയേകുന്നതും ആ നിശ്ചയധാര്ഢ്യംകൊണ്ടാണ്. പ്രത്യാശയുടെ ഇത്തിരിവെട്ടം വിതറാന്‍.