ഞാനൊരു ഹിന്ദു; പൗരയുമാണ്; 'ശബരിമല'യിൽ അഭിപ്രായം പറയാനില്ല: രഞ്ജിനി ഹരിദാസ്

‌ശബരിമല വിഷയത്തിൽ അഭിപ്രായം പറയാനില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിന് ഹരിദാസ്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ നിയമവും മതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ജമേഷ് ഷോയിൽ രഞ്ജിനി പറഞ്ഞു. 

‘എനിക്ക് തന്നെ ആശയക്കുഴപ്പങ്ങളുള്ള വിഷയമാണ് ശബരിമല. എന്റെ അഭിപ്രായത്തിൽ മതവും നിയമവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ല. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു പൗര എന്ന നിലയിൽ സുപ്രീം കോടതി വിധിയെ അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. അതേസമയം, ഞാനൊരു ഹിന്ദു കൂടിയാണ്. ഞാൻ വളർന്നുവന്ന രീതികളും എന്റെ ഉള്ളിലെ അഭിപ്രായങ്ങളുമുണ്ട്. 

ഞാനെന്ന ഹിന്ദുവും ഞാനെന്ന പൗരയും ഉണ്ട്. അവിടെയാണ് പ്രശ്നങ്ങൾ. ഞാനെന്ന വ്യക്തിയെ ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് വിലയിരുത്തുന്നത്. ഞാൻ പരാമ്പരാഗത ചിന്താഗതിക്കാരിയാണോ അതോ പുരോഗമനവാദിയാണോ എന്ന കാര്യത്തില്‍ എനിക്ക് തന്നെ ഇപ്പോൾ സംശയമുണ്ട്. 

പുറത്തുനിന്ന് നോക്കുന്നവർക്ക് ഞാനൊരു പുരോഗമനവാദിയാണ്. പക്ഷേ അകത്ത് തനി നാടൻ ആണ് ഞാൻ. പ്രായം കൂടുമ്പോഴാണ് ഇതൊക്കെ മനസ്സിലാകുന്നത്''-രഞ്ജിനി പറഞ്ഞു.