ഇത് കണ്ട് കെട്ടിപ്പിടിച്ച് കരയാൻ ചേട്ടൻ ഇല്ലല്ലോ?; കണ്ണ് നിറഞ്ഞ് അനിയൻ

ഡോക്ടറേറ്റ് നേടിയ സന്തോഷത്തിൽ ആർ‌എൽവി രാമകൃഷ്ണൻ. ഇൗ നേട്ടം ചേട്ടൻ കലാഭവൻമണിക്കു സമർപ്പിക്കുന്നുവെന്നും അദ്ദേഹമില്ലായിരുന്നുവെങ്കിൽ തനിക്ക് കല അഭ്യസിക്കാൻ കഴിയില്ലായിരുന്നുവെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു. ഓരോ വിജയങ്ങൾ നേടുമ്പോഴും അത് എന്റെ ചേട്ടന്റെ വിജയമായി ഞാൻ കണ്ടു.എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്ക് നേടിയതായിരുന്നു ആദ്യ വിജയതിളക്കം. സർട്ടിഫിക്കറ്റ് കൊണ്ട് ചേട്ടനെ കാണിച്ചപ്പോൾ കുറേ നേരം കെട്ടി പിടിച്ച് കരഞ്ഞു. സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരാണ് ഞങ്ങൾ. പിന്നീട് കേരള കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ എം.ഫിൽ ഒന്നാം റാങ്ക് നേടിയപ്പോഴും ചേട്ടൻ കെട്ടി പിടിച്ച് കരഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പങ്കുവച്ച സന്തോഷമുഹൂർത്തങ്ങളാണ് ഈ ചിത്രങ്ങൾ.കൂലി പണിക്കാരായ കുന്നിശ്ശേരി രാമന്റെയും അമ്മിണിയുടെയും മക്കൾ എല്ലാവരും കലാകാരന്മാരാണ്. പക്ഷെ കലാരംഗത്തേക്ക് രണ്ടും കല്പിച്ച് ഇറങ്ങിയത് ഇളയ പുത്രന്മാരായ ഞങ്ങൾ രണ്ട് പേരും ആണ്. വളരെകഷ്ട്ടപെട്ടാണ് കെ.ആർ മണി ചാലക്കുടി മണി എന്ന മിമിക്രി കലാകാരനായതും കലാഭവൻ മണിയായതും അതെല്ലാം പകൽ പോലെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങളാണ്.ഈ കലാകാരന്റെ തണലിലാണ് അദ്ദേഹത്തിന്റെ സ്നേഹപരിചരണങ്ങൾക്കൊണ്ടും സഹായഹസ്തങ്ങൾക്കൊണ്ടും എനിക്ക് കല പഠിക്കാൻ കഴിഞ്ഞത്. അന്ന് മുതൽ വാശിയായിരുന്നു. കല ശാസ്ത്രീയമായി പഠിക്കാൻ കഴിയാതിരുന്ന ഒരു കലാകാരന്റെ സഹായത്തോടെയാണ് ഞാൻ പഠിക്കുന്നതെന്ന ബോധം എന്നെ ഏറെ ചിന്തിപ്പിച്ചു. ആത്മാർത്ഥതയോടെയുള്ള പഠനം അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്റെ വിജയങ്ങൾ ആയി ഞാനിതിനെ കണക്കാക്കിയില്ല. ഓരോ വിജയങ്ങൾ നേടുമ്പോഴും അത് എന്റെ ചേട്ടന്റെ വിജയമായി ഞാൻ കണ്ടു.എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്ക് നേടിയതായിരുന്നു ആദ്യ വിജയതിളക്കം. സർട്ടിഫിക്കറ്റ് കൊണ്ട് ചേട്ടനെ കാണിച്ചപ്പോൾ കുറേ നേരം കെട്ടി പിടിച്ച് കരഞ്ഞു. സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരാണ് ഞങ്ങൾ. പിന്നീട് കേരള കലാമണ്ഡലത്തിൽ നിന്ന് മോഹിനിയാട്ടത്തിൽ എം.ഫിൽ ഒന്നാം റാങ്ക് നേടിയപ്പോഴും ചേട്ടൻ കെട്ടി പിടിച്ച് കരഞ്ഞു.

 തുടർന്ന് പെർഫോമിങ്ങ് ആർട്സിൽ യു.ജി.സി പാസ്സായപ്പോഴും സന്തോഷം കൊണ്ട് വീർപ്പുമുട്ടി . അന്ന് ചേട്ടന് മധുരം നൽകുന്ന ഫോട്ടോയാണ് താഴെ കാണുന്നതിൽ ഒന്ന്. അന്ന് ചേട്ടനോട് ഞാൻ പറഞ്ഞു ഇനി എനിക്ക് നമ്മുടെ വീട്ടിലേക്ക് ഒരു ഡോക്ടറേറ്റ് എത്തിക്കണം. അവിടന്നു തുടങ്ങി പരിശ്രമങ്ങൾ.പക്ഷെ വീട്ടിലുണ്ടായ ഓരോ പ്രിയപ്പെട്ടവരുടെയും വേർപാട് എന്നെ തളർത്തി. ആദ്യം മൂത്ത സഹോദരൻ ,പിന്നെ അമ്മ, പിന്നെ മണിച്ചേട്ടൻ ഇവരുടെയെല്ലാം വിയോഗങ്ങൾ നടക്കുന്നത് ഞാൻ ഗവേഷണം നടത്തുന്ന സമയങ്ങളിലായിരുന്നു. ഇതിനിടയിൽ ഒരു ദിവസം ഞാൻ ഓർമയില്ലാതെ കുഴഞ്ഞു വീണു. നട്ടെല്ലിന് അകൽച്ച വന്ന് ഒരു വർഷത്തോളം കിടന്നു. അന്നൊക്കെ ചേട്ടന്റെ വാക്കുകളും പ്രോത്സാഹനങ്ങളും എന്നെ ഉണർത്തി. പക്ഷെ ചേട്ടന്റെ വേർപാട് എന്നെ തളർത്തി. ചേട്ടന്റെ മരണത്തിനപ്പുറം കേട്ട ദുഷ്പ്രചരണങ്ങൾ കേട്ട് പകച്ചു പോയി. ഞങ്ങൾ പോലും അറിയാത്ത കാര്യങ്ങൾ മെനഞ്ഞുണ്ടാക്കി. കഥയുണ്ടാക്കി പോസ്റ്റ് ചെയ്തു. ചേട്ടനെ സ്നേഹിച്ച കുറേ നല്ല മനുഷ്യർ ഞങ്ങളെ വന്ന് കണ്ട് ഞങ്ങളെ അവസ്ഥ മനസിലാക്കി. അവരുടെ പിൻബലമാണ് പിന്നീട് എനിക്കും എന്റെ സഹോദരിമാർക്കും കുടുംബത്തിനും താങ്ങും തണലുമായത്. പഠനം പാതിവഴിയിൽ ഇട്ട് ചേട്ടന്റെ കേസിനായി ഓടി നടന്നു.ഇതിനിടയിൽ പഠനം മുടങ്ങിയ വിഷമങ്ങളും സഹിച്ചു. ഒടുവിൽ 2017ഏപ്രിൽ മാസത്തിൽ കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷമാണ് പഠനം പുനരാരംഭിച്ചത്.പിന്നീട് നീറുന്ന വേദനയിൽ ചേട്ടൻ ഇനിയില്ല എന്ന സത്യം മനസ്സിലാക്കാൻ കഴിയാത്ത ബോധത്തോടെ യാത്രകൾ തുടർന്നു... ചേട്ടന് കൊടുത്ത വാക്ക് പാലിക്കണം. 

കുന്നിശ്ശേരി വീട്ടിലേക്ക് ഡോക്ടറേറ്റ് എത്തിക്കണം. ആ വാശിയുമായി 8 വർഷം നീണ്ട ഗവേഷണം 2018ൽ പൂർത്തിയാക്കി. അതിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കി ഡോക്ടറേറ്റ് ഇന്ന് കുന്നിശ്ശേരിയിലെത്തി. പക്ഷെ ഇന്ന് ഇവിടം ശൂന്യമാണ് അച്ഛനില്ല, അമ്മയില്ല, ചേട്ടൻന്മാർ രണ്ടു പേരും ഇല്ല. ആരോട് പറയും :..എല്ലാ വിജയങ്ങളും ചേട്ടന് മുൻപിൽ പറയാൻ വല്ലാത്ത തിടുക്കമായിരുന്നു. ഈ സർട്ടിഫിക്കറ്റ് കാണിക്കാൻ, എന്നെ കെട്ടി പിടിക്കാൻ, ഉമ്മ വയ്ക്കാൻ മധുരം തരാൻ ചേട്ടനില്ല. ചേതനയറ്റ ശരീരം ഉറങ്ങുന്ന അവിടേക്ക് ചെല്ലാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഞാൻ അത് വിശ്വസിച്ചിട്ടില്ല. ഇല്ല..:. എന്റെ ചേട്ടൻ മരിച്ചിട്ടില്ല. ചേട്ടൻ ഉറക്കത്തിലാണ് ..ഉറങ്ങട്ടെ... ഉറങ്ങി കഴിയുമ്പോൾ തറവാട്ടിലേക്ക് വരും കണ്ണാ ... എന്ന് വിളിച്ചു കൊണ്ട്. ഇന്ന് അഭിനന്ദനങൾ അറിയിക്കാൻ എന്റെ ചേട്ടനെ സ്നേഹിച്ച ആളുകളുടെ ആശംസകളും സ്നേഹ സന്ദേശങ്ങളും മാത്രമാണ് ഇന്നുള്ളത്. എന്തെങ്കിലും ഒന്ന് കേൾക്കുമ്പോൾ ഇല്ലാ കഥയെഴുതുന്നവർ ഈ വിജയം കണ്ടില്ല എന്ന് നടിക്കുകയാണ്.കാരണം ഈ ഡോക്ടറേറ്റ് അവർക്ക് ഒന്നും അല്ല. അവർക്ക് സുഖിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ എരിവും പുളിയും ഉള്ള കള്ളകഥകൾ വേണമല്ലോ... പൊലിപ്പിച്ച് എഴുതാൻ...എന്തു തന്നെ ആയാലും ഞാനെന്റെ ലക്ഷ്യം പൂർത്തിയാക്കി. ഞങ്ങൾക്കിത് വലുതാണ് കൂലി പണിക്കാരായ രാമന്റെയും അമ്മിണിയുടെയും മക്കൾ കലയിൽ നേടിയ വിജയം....എന്റെ മാതാപിതാക്കൾക്കു മുൻപിൽ, സഹോദരന്മാർക്കു മുമ്പിൽ നീറുന്ന മനസ്സോടെ.... കണ്ണീരോടെ..... സമർപ്പിക്കുന്നു