പേരന്‍പിലെ ഇതിഹാസത്തെ കുപ്പിയിലാക്കി അപർണ; വേറിട്ട ഇഷ്ടം; വര: കൗതുകം

അൻപോടെ പേരൻപ് എത്തുന്നതും കാത്തുള്ള ആകാംക്ഷയിലാണ് ആരാധകരും മലയാളികളും. സിനിമാമോഹവും ആരാധനയും കുപ്പിയിൽ നിറച്ച് കാത്തിരിക്കുകയാണ് കൊല്ലം സ്വദേശിയായ അപർണ. മദ്യക്കുപ്പികളിൽ വരച്ചെടുത്ത പേരൻപ് ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. റോഡരികിൽ കിടക്കുന്ന മദ്യക്കുപ്പികളിലാണ് അപർണയുടെ വര തെളിയുന്നത്. വേറിട്ട ഇൗ കലാകാരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

ആക്രിക്ക് ഉള്ളത് ആക്രി എടുക്കും. എനിക്കുള്ളത് ഞാനും. ബിയർ കുപ്പികളൊക്കെ ആക്രിക്കാർ കൊണ്ടുപോകും. ലിക്കർ കുപ്പികളാണ് എന്റെ ലക്ഷ്യം. ഞാൻ ഏറെ കാത്തിരുന്ന ചിത്രമാണ് പേരൻപ്. അതിലെ ട്രെയിലറും മമ്മൂട്ടിയുടെ അഭിനയവും ഇതിനോടകം തന്നെ ചർച്ചയായിരുന്നല്ലോ. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് അമുദവൻ എന്ന് വാർത്തകളും വായിച്ചിരുന്നു. അന്ന് തുടങ്ങിയ മോഹമാണ് ആ ഇതിഹാസത്തെ കുപ്പിയിൽ ആവാഹിക്കണമെന്ന്. 

എന്നാൽ അതിനുചേരുന്ന ഒരു കുപ്പി കണ്ടെത്താൻ കുറേ അലഞ്ഞു. സാധാരണ കോളജിലേക്ക് പോകുമ്പോൾ റോഡിൽ ഉപേക്ഷിച്ച ലിക്കർ ബോട്ടിൽ കണ്ടുവയ്ക്കും. തിരിച്ചുവരുമ്പോൾ അത് ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോരും. ഇത്തരത്തിൽ കുപ്പികൾ കൊണ്ട് വീടുനിറഞ്ഞതോടെ ഇത് ഒരു വരുമാനമാർഗം കൂടിയാക്കിയാലെന്താ എന്നു തീരുമാനിച്ചത്. വീട്ടുകാരും പിന്തുണ തന്നതോടെ ഇതൊരു തൊഴിലാക്കി മാറ്റിത്തുടങ്ങി. അപർണ പറയുന്നു.

2019ലെ കലണ്ടർ കുപ്പിയിൽ വരച്ചത്  ‍ഞാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് ഗിഫ്റ്റ് നൽകാൻ പലരും ഇത്തരം കുപ്പികൾ ആവശ്യപ്പെട്ട് വിളിക്കാൻ‌ തുടങ്ങി. ആവശ്യക്കാർ കൂടിയപ്പോൾ കുപ്പിതേടിയുള്ള അലച്ചിൽ ബാറുകളിലും എത്തിയതായി അപർണ ചിരിയോടെ പറയുന്നു. ഇപ്പോൾ ജീവിതം തെളിഞ്ഞ ഇൗ കുപ്പി വരയിൽ നിന്നും മാസം മികച്ച വരുമാനവും ലഭിക്കുന്നു. ഉപയോഗശൂന്യനായ വസ്തുവിൽ നിന്നും പഠനച്ചെലവിനുള്ള വക കണ്ടെത്തുകയാണ് ഇൗ മിടുക്കി. മമ്മൂട്ടി ആരാധിക കൂടിയായ അപർണ ആദ്യ ദിനം തന്നെ പേരൻപ് കാണാനുള്ള ഒരുക്കത്തിലാണ്. നാളെയാണ് പേരൻപ് തിയറ്ററിലെത്തുന്നത്.