കല്യാണ രാത്രി;പുതുപ്പെണ്ണ് വീട്ടിൽ; പുയ്യാപ്ല സെവൻസ് ഗ്രൗണ്ടിൽ

marriage-footbal
SHARE

കല്യാണപ്പെണ്ണിനോട് ഒരഞ്ചുമിനിറ്റെന്നു പറഞ്ഞ് പുയ്യാപ്ല  നേരെ പോയത് സെവൻസ് കളത്തിലേക്ക്. ഫിഫ മഞ്ചേരിയുടെ കരുത്തുറ്റ ഡിഫൻഡർ മൈതാനത്ത് എതിരാളികളുടെ മുന്നേറ്റങ്ങൾക്കു തടയിടുമ്പോൾ കല്യാണവീട്ടിലെ കാരണവർ റഫറിമാർ ഫൗൾ വിസിൽ മുഴക്കുന്നുണ്ടായിരുന്നു.

മത്സരം ജയിച്ച് രാത്രി വീട്ടിൽ വന്നുകയറിയ പുയ്യാപ്ലയെ നവവധു സ്വീകരിച്ചത് മറ്റൊരു ചോദ്യത്തിലൂടെയാണ്. ‘മത്സരം പകലായിരുന്നെങ്കിൽ ഇങ്ങള്  കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..’ മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രമത്തിനു പുതിയ ഉദാഹരണമായ യുവാവിന്റെ പേരാണ് റിദ്‌വാൻ

വണ്ടൂർ ഐലാശ്ശേരി സ്വദേശി. കല്യാണ ദിവസം രാത്രി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാനിറങ്ങിയ റിദ്‌വാന്റെ ഫുട്ബോൾ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളിൽ പാട്ടാണിപ്പോൾ. ഞായറാഴ്ചയായിരുന്നു റിദ്‌വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. 

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്‌വാൻ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. സെമിഫൈനൽ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. 

കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂർണമെന്റിൽ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങൾകൊണ്ടാണെന്നു റിദ്‌വാൻ പറയുന്നു.

വിവാഹച്ചടങ്ങിനിടയിൽവച്ചു ഫായിദയോടും കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ വിവാഹ സൽക്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയ നവവരൻ ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്കു വച്ചുപിടിച്ചു. റിദ്‌വാൻ നയിച്ച ഫിഫ മഞ്ചേരിയുടെ പ്രതിരോധനിര മത്സരത്തിൽ ഗോൾ വഴങ്ങിയില്ല. ഏകപക്ഷീയമായ ഒരു ഗോൾ വിജയത്തോടെ ടീം ഫൈനലിലെത്തി.

ഫുട്ബോൾ കളിക്കാൻ റിദ്‌വാൻ ‘സാഹസം’ കാണിക്കുന്നത് ഇതാദ്യമല്ല. കോയമ്പത്തൂർ നെഹ്റു കോളജിലെ എംബിഎ വിദ്യാർഥിയായ താരം നാട്ടിലെ സെവൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കോളജിൽ നിന്നു ബൈക്കോടിച്ചെത്താറുണ്ട്.

വീട്ടുകാരറിയാതിരിക്കാൻ കോളജിൽ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവ്

MORE IN SPOTLIGHT
SHOW MORE