ഇത് വെറും ചിരട്ടയല്ല; അൽ ചിരട്ട; ആമസോണിൽ ചിരട്ടവിൽപന; ട്രോൾ; ചിരിപ്പൂരം

കുട്ടിക്കാലത്ത് ക്ലാസുകളിൽ ചിരട്ടയുടെ ഗുണങ്ങളെന്തെല്ലാം എന്ന ചോദ്യം നമ്മൾ കേട്ടിരിക്കും. അന്ന് സ്വപ്നത്തില്‍ പോലും ചിരട്ട ആമസോണിൽ വിൽപനക്കു വെക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ ഇത് പഴയ ചിരട്ടയല്ല, അൽ ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ട്രോൾ പൂരം. ട്രോള്‍ പേജുകളിലും ട്വിറ്ററിലും ചിരട്ട ചിരിക്കു വകയായി. 

ആമസോണിലെ ചിരട്ട ഡെലിവറി പേജിൻറെ സ്ക്രീൻഷോട്ട് സഹിതമാണ് രമാ രാജേശ്വരി എന്ന ഐപിഎസ് ഉദ്യോഗസ്ഥ സീരിയസ്‍ലി? എന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയത്. പിന്നാലെ കമൻറ് ബോക്സിലെത്തിയത് നൂറുകണക്കിന് മറുപടികൾ. വേണമെങ്കില്‍ ചിരട്ട ഫ്രീ ആയി തരാമെന്നും ചിലർ പറയുന്നു. മൊബൈൽ ഓർഡർ ചെയ്താൽ പകരം ഇഷ്ടിക കിട്ടും, ചിരട്ട ഓര്‍ഡർ ചെയ്താൽ പകരം തേങ്ങ കിട്ടുമോ എന്ന ചോദ്യവും ഉന്നയിക്കുന്നു. ഇത് സ്വർണം കൊണ്ട് ഉണ്ടാക്കിയാവാം, സാധാരണ ചിരട്ടയല്ല അൽ ചിരട്ട എന്നും ട്രോളുകൾ നീളുന്നു.

ചിരട്ട മാത്രമല്ല, ഇനി വാഴയിലയും വിൽ‌പനക്കു വെക്കണമെന്ന് ചിലർ പറയുന്നു. എനിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ആമസോണിലും പിടിയുണ്ടെന്നു പറയുന്ന തേങ്ങയുടെ ആത്മഗതവും ട്വീറ്റുകളായി എത്തിയിട്ടുണ്ട്. 

നാലര ഔൺസാണു വലിപ്പമെന്നും യഥാർത്ഥ ചിരട്ടയായതിനാൽ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും ആമസോണിൽ മുൻകൂർ ജാമ്യമുണ്ട്. ചിരട്ടയ്ക്കു വില 3000 രൂപയാണ്.  55 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞ് വാങ്ങാനായി മുടക്കേണ്ടത് 1365 രൂപയും.