അതൊരു ജിന്ന്, സഞ്ചാരികളുടെ അവധൂതൻ; ഡോക്ടർ‌ സാഹസികനായ കഥ

പതിവുശീലങ്ങളിൽ നിന്നും ആ യുവാവ് വഴിമാറിനടക്കാൻ തുടങ്ങിയപ്പോൾ നട്ടപ്രാന്തെന്നാണ് പലരും അതിനെ വിളിച്ചത്. പിൻമാറാൻ ഒരുക്കമായിരുന്നില്ല, മനസു പറഞ്ഞ വഴിയേ പോയി. ഡോക്ടർ ഉദ്യോഗം ഉപേക്ഷിച്ചു, മിന്നുകെട്ടിയ ഭാര്യ മൊഴിചൊല്ലി, അപ്പോഴും അസ്ഥിക്കു പിടിച്ച യാത്രാജ്വരത്തിന് അതിനു പിറകേ പോകുക എന്നല്ലാതെ വേറൊരു മരുന്നില്ലായിരുന്നു. പറ‍ഞ്ഞുവരുന്നത് ബാബുസാഗർ എന്ന കടലുണ്ടിക്കാരനെക്കുറിച്ചാണ്, മഞ്ഞിനെയും മഴയെയും കാടിനെയും പർവതങ്ങളെയും പ്രണയിക്കുന്ന യാത്രക്കാരനെക്കുറിച്ചാണ്.

ജിന്ന്, സാഹസിക യാത്രികൻ, സഞ്ചാരികളുടെ അവധൂതൻ... പേരുകള്‍ പലതുമുണ്ട് ബാബുസാഗറിന്. യാത്ര മടുക്കാത്ത ഈ സഞ്ചാരി പുതിയൊരു ഉദ്യമത്തിനുള്ള തയ്യാറെടുപ്പിലാണ്. മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന മത്സരത്തിന് ഒരുങ്ങുകയാണ് ഡോ. ബാബു സാഗർ. എല്ലു നുറുങ്ങുന്ന തണുപ്പത്ത്, രക്തം പോലും ഉറഞ്ഞുരുകുന്ന നാട്ടിൽ‌ ഇന്ത്യയെ പ്രതിനിധീകരിച്ച് സാഹസിക ദൗത്യത്തിനിറങ്ങുമ്പോൾ ബാബു സാഗർ ഇതുവരെയെില്ലാത്ത ത്രില്ലിലാണ്.

''ഡോക്ടർ കർഷകൻ. രണ്ടു തമ്മിൽ അലുവയും മത്തിക്കറിയും പോലുള്ള വ്യത്യാസം തോന്നുന്നില്ലേ. അപ്പോ എന്റെ വീട്ടുകാരേയും കുറ്റം പറയാനൊക്കില്ല. കഷ്ടപ്പാട് പഠിപ്പിച്ച ചെക്കൻ കാടും മലയും കയറിയിറങ്ങുമ്പോൾ അത് താന്തോന്നിത്തരമെന്നേ പറയാനാകൂ. പക്ഷേ ഉള്ളിന്റെയുള്ളിൽ എന്റെ മനസ് എന്നോട് പറഞ്ഞ ഒരു വലിയ ശരിയുണ്ടായിരുന്നു. എനിക്കു മാത്രം ദഹിക്കുന്ന ഒരു വലിയ ശരി. ആ കഥയാണ് എനിക്ക് പറയാനുള്ളത്– ജീവിത യാത്രയുടെ ഫസ്റ്റ് ഗിയറിൽ ബാബുവിന്റെ കഥ ഓടിത്തുടങ്ങി.

20 വർഷം മുമ്പ് ബംഗളുരുവിൽ ബിഎസ്‍സി മൈക്രോ ബയോളജി പഠിക്കുന്ന ചെക്കൻ, ഒരു യാത്ര പോകുകയാണ്. ഇവിടെ അടുത്തൊന്നുമല്ല ലഡാക്കിലേക്ക്. കെട്ടുപൊട്ടിയ പട്ടം പോലെ പറക്കുന്ന പ്രായത്തിൽ ഇമ്മാതിരി യാത്രകൾ പതിവല്ലേ. വീട്ടുകാർ കാര്യമാക്കിയില്ല. ഞാനും അതേ. പക്ഷേ ശിഷ്ടകാല ജീവിതത്തിന്റെ ടൈം ടേബിൾ തന്നെ മാറ്റിയെഴുതാൻ പോന്ന വിധമുള്ള യാത്രയായിരുന്നു അതെന്ന് ആരറിഞ്ഞു. ആർ എക്സ് 100 ബൈക്കും ഞാനും പിന്നെ കുറേ ചങ്ങാതിമാരും. മണാലി വഴിയുള്ള യാത്രയിൽ മഞ്ഞിൽ കുരുങ്ങി കുറേനാൾ അവിടെ കഴിയേണ്ടി വന്നു. ഒരമ്മൂമ്മയാണ് ഭക്ഷണവും വഴിച്ചെലവിന്റെ കാശും ഒക്കെ തന്നത്. ചില സമയങ്ങളിൽ ചീത്ത അനുഭവങ്ങളാണ് നമ്മുടെ ത്രിൽ ഏറ്റുന്നത്. ഉള്ളതു പറയാല്ലോ... ഈ ആയാത്ര എനിക്കു തന്ന റിസ്ക്...ബുദ്ധിമുട്ട്... എന്നിലെ സഞ്ചാരിക്ക് വളമാകാൻ ഇതൊക്കെ തന്നെ ധാരളമായിരുന്നു. എന്റെ ട്രാവലർ മോഡ് ഓണായത് അവിടെ നിന്നാണ്. മണാലിയുടെ ആ താഴ്‍വാരത്തു നിന്ന്'', ബാബു സാഗർ പറയുന്നു.

അഭിമുഖത്തിൻറെ പൂർണരൂപം വായിക്കാം

https://www.vanitha.in/justin/babu-sager-contestant-arctic-expedition-traveller.html?fbclid=IwAR0G3N9P1KF-uvRvvpnL2YqBoXOXU524UyBLrDJ7eIaa7WPOiHSfDf4AcHo

ബാബൂ സാഗറിന് വോട്ട് ചെയ്യാൻ https://polar.fjallraven.com/contestant/?id=4934&fbclid=IwAR3k3r2H-vOTYpXXQXWQtwrcWDa7JhNPqEsMJ80Gb4oOV70E_TabuBOFvGc സന്ദർശിക്കുക