ഇസ്തിരിയിടാൻ എൽപ്പിച്ച ജീൻസിൽ പതിനായിരം രൂപ; ഉടമയെ കാത്ത് പ്രമോദ്

ചുട്ടുപഴുത്ത തേപ്പുപെട്ടിയുമായാണു ദിവസവും മൽപ്പിടിത്തമെങ്കിലും പ്രമോദിന്റെ മനസില്‍ നിറയെ ആർദ്രതയുടെ നനവാണ്.  നനഞ്ഞു കുതിർന്നിട്ടും പിന്നീട് തേപ്പുപെട്ടിയുടെ ചൂടേറ്റിട്ടും നശിക്കാതിരുന്ന 10,000 രൂപയുമായി ഉടമയെ കാത്തിരിക്കുകയാണു തൃക്കാക്കര തോപ്പിൽ തേപ്പുകട നടത്തുന്ന പ്രമോദ്. ചൊവ്വാഴ്ച രാവിലെ ഇസ്തിരിയിടാൻ കൊണ്ടുവന്ന വസ്ത്രങ്ങളിൽ ഒരു ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് 10,000 രൂപ പ്രമോദിനു ലഭിച്ചത്. 500 രൂപയുടെ 20 നോട്ടുകൾ. വല്ലപ്പോഴും തുണി തേക്കാൻ കൊണ്ടുവരുന്ന ആളെന്നല്ലാതെ മറ്റു പരിചയമില്ല. 

തേപ്പു കഴിഞ്ഞ വസ്ത്രങ്ങൾ വാങ്ങാൻ വരുമ്പോൾ പണം തിരിച്ചേൽപ്പിക്കാമെന്നു കരുതി സൂക്ഷിച്ചു. വസ്ത്രം ഏൽപ്പിച്ചയാൾ ചൊവ്വാഴ്ച വൈകിട്ട് പ്രമോദ് ഇല്ലാത്ത സമയത്തു വസ്ത്രം വാങ്ങിപ്പോയി. പോക്കറ്റിൽ 10,000 രൂപ ഉണ്ടായിരുന്ന കാര്യം ഇയാൾ അറിഞ്ഞുകാണില്ലെന്നാണു കരുതുന്നത്. ജീൻസ് അലക്കിയപ്പോഴും രൂപ പോക്കറ്റിലുണ്ടായിരുന്നുവെന്നാണ് അനുമാനം. 

നാട്ടുകാരെ സാക്ഷ്യപ്പെടുത്തി 10,000 രൂപ പ്രമോദ് സൂക്ഷിച്ചിരിക്കുകയാണ്. അടുത്ത തവണ തേക്കാൻ വസ്ത്രങ്ങളുമായെത്തുമ്പോൾ തിരികെ നൽകാമെന്ന പ്രതീക്ഷയിൽ. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പ്രമോദ് 18 വർഷമായി ഇവിടെയാണു താമസം. പച്ചക്കറിക്കട നടത്തി പരാജയപ്പെട്ടപ്പോഴാണു തേപ്പു കടയിലേക്കു വഴിമാറിയത്.