ഫ്ലൈറ്റ് റദ്ദ് ചെയ്തെന്നറിഞ്ഞു; രോഷം; എയര്‍പോര്‍ട്ടില്‍ ലഗേജ് കൂട്ടിയിട്ട് കത്തിച്ചു: വിഡിയോ

ദീർഘനേരം യാത്രചെയ്ത് വിമാനത്താവളത്തിൽ എത്തികഴിയുമ്പോൾ വിമാനം റദ്ദാക്കിയെന്ന് അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ? സ്വാഭാവികമായും ദേഷ്യവും വിഷമവും വരും. കുറച്ചുകഴിയുമ്പോൾ യാഥാർഥ്യവുമായി പൊരുത്തപ്പെടും. 

ഇവിടെ ഇതാ യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാകാതെ ഒരു യാത്രക്കാരൻ ചെയ്തത് എന്താണെന്ന് അറിയാമോ? വിമാനത്താവളത്തിലെ കാത്തിരിപ്പ് സ്ഥലത്ത് തന്റെ ലഗേജ് കൂട്ടിയിട്ട് കത്തിച്ചു. ഇസ്ലാമാബാദിലാണ് സംഭവം. പികെ–607 എന്ന വിമാനത്തിൽ പോകാൻ രാവിലെ ഏഴുമണിക്ക് എത്തിയതാണ് യാത്രക്കാരൻ. എന്നാൽ മോശം കാലാവസ്ഥ മൂലം വിമാനം റദ്ദാക്കിയെന്ന് അറിയിപ്പുണ്ടായി. ഇത് കേട്ടയുടനാണ് ഇയാൾ ലഗേജ് തീയിട്ടത്.

മറ്റൊരു യാത്രക്കാരൻ തീ അണക്കാനുള്ള ഉപകരണവുമായി എത്തിയെങ്കിലും ഇയാൾ തട്ടിമാറ്റി. ഏതായാലും കൂടുതൽ അപകടമൊന്നും സംഭവിക്കുന്നതിന് മുമ്പ് സിവിൽ ഏവിയേഷൻ അതോറിറ്റിയെത്തി തീ അണച്ചു. ഇതിന്റെ വിഡിയോ വൈറലാണ്.