ആ മഞ്ഞഫ്രോക്കിട്ടായിരുന്നു സുരേഷ്ഗോപിയുടെ മകളുടെ അന്ത്യയാത്ര; രാജുവിന്‍റെ കണ്ണീരോര്‍മ

സുരേഷ് ഗോപിയുമായുള്ള സൗഹൃദവും ഓര്‍മകളും പങ്കിട്ട് മണിയന്‍ പിള്ള രാജു. രസകരമായി തുടങ്ങി കണ്ണീരോര്‍മയില്‍ തീരുന്ന കുറിപ്പ് ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തിലാണ് രാജു പങ്കിടുന്നത്. അക്കരെ നിന്നൊരു മാരൻ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഉണ്ടായ രസകരമായ സംഭവത്തിലാണ് തുടക്കം. സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ സംഭവത്തിലൂടെ രാജു പറഞ്ഞുവെക്കുന്നത്. സുരേഷ് ഗോപിയെ ആദ്യം കണ്ടുമുട്ടിയ നിമിഷങ്ങള്‍.  

1986 കാലഘട്ടത്തിലാണ് സുരേഷ് ഗോപിയും മണിയൻപിള്ള രാജുവും സൗഹൃദത്തിലാകുന്നത്. അന്ന് മണിയൻപിള്ള സിനിമാ തിരക്കുകളുമായി ഓടിനടക്കുന്ന കാലമാണ്. സുരേഷ് ഗോപി സിനിമയിൽ എത്തിയിട്ടില്ല. അക്കരെ നിന്നൊരു മാരൻ സംവിധാനം ചെയ്ത ഗിരിഷിന്റെ കട്ടുറുമ്പിനും കാതുകുത്ത് എന്ന ചിത്രത്തിൽ മണിയൻ പിളളയായിരുന്നു നായകൻ. രാവിലെ പത്തിനു കഴിയേണ്ട ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് രണ്ടു മണി. രണ്ടേകാലോടുകൂടി രാജുവിനെ അണിയറപ്രവർത്തകർ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് മദ്രാസ് മെയിലിൽ കേറ്റിവിട്ടു. ഭക്ഷണം കഴിക്കാതെയാണ് മദ്രാസ് മെയിലിൽ കയറുന്നത്. മണിയൻപിള്ളയാകട്ടെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ആളാണ്.

അന്ന് ട്രെയിനില്‍ നിന്നും ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ആകെ വിശന്ന് ക്ഷീണിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു വെളുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരന്‍ മണിയൻ പിളളയുടെ അരികിലേക്കെത്തി. ഞാന്‍ സുരേഷ് ഗോപിയാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും രാജാവിന്റെ മകനില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോവുകയാണെന്നും രാജുവിനോട് സുരേഷ് ഗോപി പറഞ്ഞു. ടിപി ബാലഗോപാലാന്‍ എംഎയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ ചാന്‍സ് ചോദിച്ച് വന്നിരുന്നുവെന്നും അന്ന് നിങ്ങളെ പരിചയപ്പെടാനായില്ലെന്നും സുരേഷ് ഗോപി. പറയുന്നതിനിടെ രാജുവേട്ടന്റെ കൈ വിറയ്ക്കുന്നുവല്ലോ എന്ന് സുരേഷ് ചോദിക്കുന്നുണ്ടായിരുന്നു. രാവിലെ മുതല്‍ താന്‍ ഷൂട്ടിങിലായിരുന്നുവെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും മറുപടി നല്‍കി. സുരേഷ് ഗോപി ഒരു പൊതിയെടുത്ത് മുന്നില്‍ വച്ചു. കവർ  തുറന്നപ്പോൾ  നല്ല മണം. ചപ്പാത്തിയും ആടിന്റെ ബ്രെയിൻ ഫ്രൈയുമാണ്. രാത്രിയില്‍ കഴിക്കാനായി അമ്മ തന്നയച്ചതാണെന്നും ഇപ്പോള്‍ ചേട്ടന്‍ കഴിച്ചോളൂവെന്നും സുരേഷ് ഗോപി. ‘അതിനുശേഷം ഞങ്ങൾ  നല്ല സുഹൃത്തുക്കളായി. സുരേഷ് ഗോപി മലയാള സിനിമയിലെ സജീവസാന്നിധ്യമായി...’ രാജു ഓര്‍ക്കുന്നു.

അങ്ങനെ ഒരുനാളിലാണ് സുരേഷ് ഗോപിയുടെ മകളുടെ മരണമുണ്ടാകുന്നതെന്ന് മണിയൻപിളള ഓർക്കുന്നു.‘തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനും ഇടയില്‍ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുരേഷ് ഗോപിയുടെ മകളായ ലക്ഷ്മി മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. മുറിവുകളൊന്നും കാണാനുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. അറിഞ്ഞയുടനെ ഞാന്‍ മെഡിക്കല്‍ കോളജില്‍ പോയി. മോളെ കണ്ടു. സുന്ദരിക്കുട്ടി. മരിച്ചെന്നു തോന്നില്ല. അന്നു ഞാന്‍ പുറത്തുപോയി അവള്‍ക്കിടാന്‍ ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി. അവള്‍ക്ക് മഞ്ഞ ഫ്രോക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. അതിട്ടാണ് അന്ന് കൊല്ലത്തേക്കു കൊണ്ടുപോയത്. 

ആ സംഭവത്തിന് ശേഷം ഇന്നുവരെ താന്‍ ആടിന്റെ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്.  കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കും സുരേഷ് ഗോപി കൊച്ചിയിലേക്കുമായിരുന്നു പോയത്. ആ യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നാണ് ലക്ഷ്മിയെ നഷ്ടമായത്. ഇന്നും അദ്ദേഹം മകളെക്കുറിച്ച് വാചാലനാവാറുണ്ട്.–മണിയൻ പിളള രാജു കുറിച്ചു. മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് രാജു ഈ ഓര്‍മ പങ്കിടുന്നത്.