1500 വര്‍ഷം പഴക്കമുള്ള കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി, വായില്‍ ചുണ്ണാമ്പുകല്ല്

ഗവേഷകർ കണ്ടെത്തിയ 1,500 വർഷം പഴക്കമുള്ള കുട്ടിയുടെ അസ്ഥികൂടമാണ് ഇപ്പോൾ  ലോകത്തിന്റെ കൗതുകം പിടിച്ചു പറ്റുന്നത്. പ്രാചീന വിശ്വാസങ്ങളിേലക്ക് വിരൽ ചൂണ്ടുന്ന കൗതുകമായിരുന്നു ഇൗ തലയോട്ടി. ഇറ്റലിയിലെ പുരാതന റോമന്‍ സെമിത്തേരിയില്‍ 15-ാം നൂറ്റാണ്ടിൽ സംസ്കരിച്ച മൃതദേഹമാണ് ഇതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പത്ത് വയസുളള കുട്ടിയുടെ തലയോട്ടിയിൽ വായില്‍ കടിച്ചുപിടിച്ച നിലയില്‍ ചുണ്ണാമ്പുകല്ല് കണ്ടെത്തിയതാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.  

റോമില്‍ നിന്നും 60 മൈലുകള്‍ മാറിയുളള ഉത്തരനഗരത്തില്‍ 15-ാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച മലേറിയയെ തുടര്‍ന്ന് മരിച്ച കുട്ടിയാകാം ഇതെന്നാണ് ഗവേഷണ സംഘത്തിന്റെ നിഗമനം.  ചുണ്ണാമ്പുകല്ലില്‍ കുട്ടിയുടെ പല്ലിന്റെ അടയാളം കണ്ടെത്തി. മരണശേഷം മറ്റുളളവര്‍ ബലം പ്രയോഗിച്ച് വായില്‍ തിരുകി വച്ചതാകാമെന്നാണ് നിഗമനം. ശവക്കല്ലറയില്‍ നിന്നും മരിച്ചയാള്‍ എഴുന്നേറ്റ് വന്ന് ജീവിച്ചിരിക്കുന്നവർക്ക്  കൂടി  രോഗം പരത്തുമോ എന്ന ഭ‌യം മൂലമാണ് ഇത്തരത്തില്‍ ശവസംസ്കാരം നടത്തിയതെന്ന് സംഘം വ്യക്തമാക്കുന്നു.  

ചുണ്ണാമ്പുകല്ല് വയ്ക്കുന്നതിലൂടെ മരിച്ചയാളുടെ ശക്തി ക്ഷയിച്ച് പോകുമെന്നാണ് പ്രാചീനമായ വിശ്വാസം. ആള്‍ത്താമസമില്ലാത്ത റോമന്‍ ഗ്രാമത്തിലെ സെമിത്തേരി ഓഫ് ബേബീസില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 15-ാം നൂറ്റാണ്ടില്‍ കുട്ടികളുടെ മാത്രം ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയാണിതെന്നും സംഘം പറയുന്നു.