30 മണിക്കൂര്‍ ശവപ്പെട്ടിയിൽ; ധൈര്യമുണ്ടോ? ശവപ്പെട്ടി ചലഞ്ചുമായി തീംപാർക്ക്

30 മണിക്കൂര്‍ ശവപ്പെട്ടിക്കുള്ളിൽ കിടക്കാമോ? അതും ഒറ്റക്ക്? ടെക്സസിലെ ഒരു തീം പാർക്കാണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. 

രണ്ടടി വീതിയും ഏഴടി നീളവുമുള്ള ശവപ്പെട്ടിയാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 12 ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം 13 ന് രാത്രി ഏഴു മണിക്കാണ് അവസാനിക്കുക. 

മത്സരം എങ്ങനെ?

മത്സരാർത്ഥികൾക്ക് പാര്‍ക്കിനുള്ളിലേക്ക് ഒരു സുഹൃത്തിനെയും കൊണ്ടുവരാം. എന്നാൽ മത്സരസമയത്ത് മറ്റാരും ശവപ്പെട്ടിയുടെ പരിസരത്ത് ഉണ്ടാകാൻ പാടില്ല. ഓരോ മണിക്കൂർ കൂടുമ്പോഴും ആറു മിനിറ്റ് ഇടവേളയുണ്ട്. ബാത്റൂം ബ്രേക്ക് ആണിത്. ഇതുകൂടാതെയുള്ള സമയത്ത് മത്സരാർത്ഥി ശവപ്പെട്ടിക്കുള്ളിൽ ഉണ്ടാകണം. വേണമെങ്കിൽ തലയിണയും പുതപ്പും കൊണ്ടുവരാം. ഫോണും ഉപയോഗിക്കാം. 18 വയസു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

300 ഡോളറും 2019 ഗോൾഡ് സീസണിലേക്കുള്ള രണ്ട് പാസുകളും ഫ്രീക്ക് ട്രെയിലേക്കും ഗോസ്റ്റ് ഹൗസിലേക്കുമുള്ള സൗജന്യ ടിക്കറ്റുകളുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശവപ്പെട്ടി വീട്ടിലേക്കു കൊടുത്തുവിടുകയും ചെയ്യും.