അച്ഛന്റെ വസ്ത്രത്തിനും ചെരുപ്പിനും കാവൽ നിൽക്കും; ആ ബാലൻ പറയുന്നു; കണ്ണീർക്കഥ

''അച്ഛൻ പണിയെടുക്കുമ്പോള്‍ വസ്ത്രവും ചെരുപ്പും ആരും കൊണ്ടുപോകാതിരിക്കാൻ ഞാൻ കാവൽ നിൽക്കും'', രാജ്യത്തെ കരയിച്ച ആ ചിത്രത്തിലെ കുട്ടിയുടെ വാക്കുകളാണിത്.

കഴിഞ്ഞ ദിവസമാണ് സംസ്കരിക്കാൻ പണമില്ലാത്തതിനാൽ ശ്മശാനത്തിന് മുന്നിൽ കിടത്തിയ അച്ഛന്റെ മൃതദേഹത്തിനരികിൽ മുട്ടുകുത്തിയിരുന്ന് മുഖം പൊത്തിക്കരയുന്ന കുരുന്നുബാലന്റെ ചിത്രം രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചത്. ചിത്രം വൈറലായി നിമിഷങ്ങൾക്കകം ആ ബാലനെത്തേടി സുമനസ്സുകളുടെ സഹായവുമെത്തി. 31, 87,000 രൂപയാണ് രാജ്യം അവനായി സ്വരുക്കൂട്ടിയത്.

നഗരത്തിലെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെ ആണ് അപകടത്തിൽപ്പെട്ട് അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണിയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

ഏഴും മൂന്നും പ്രായമുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട് അനിലിന്. സണ്ണിയുടെ ട്വീറ്റിനെത്തുടർന്ന് സന്നദ്ധ സംഘടനയായ ഉഡായുടെ നേതൃത്വത്തിലായിരുന്നു അനിലിന്റെ കുടുംബത്തിനായി ധനസമാഹരണം. 24 മണിക്കൂറിനുള്ളിൽ 32 മണിക്കൂറോളം സമാഹരിച്ചു. ബോളിവു‍ഡ് താരങ്ങൾ പോലും സഹായം വാഗ്ദാനം ചെയ്തതായി സണ്ണി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾ ചോദിച്ച് പലരുമെത്തിയതോടെ സണ്ണി വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചു. ''അച്ഛന്റെ കൂടെ ഞാനും ചിലപ്പോഴൊക്കെ പോകാറുണ്ട്. അച്ഛൻ പണിയെടുക്കുമ്പോൾ വസ്ത്രവും ചെരുപ്പും ആരും കൊണ്ടുപോകാതിരിക്കാൻ ഞാൻ കാവൽ നിൽക്കും.'', കുട്ടി സണ്ണിയോട് പറഞ്ഞു.