‘ജീവാംശമായി..’ പാടിയ ആ തമിഴ് പെണ്‍കുട്ടി ഇവിടെയുണ്ട്; നമ്മുടെ തലസ്ഥാനത്ത്

രാജാപ്പാട്ടിന്റെ ഇഷ്ടക്കാരി. ഗാനഗന്ധർവനെ ആരാധിക്കുന്നു. എ.ആർ.റഹ്മാൻ ജീവനാണ്. പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ഏതൊരാളുടെയും സ്വപ്നങ്ങൾ അവളുടേത് കൂടായിരുന്നു. ആ പാട്ട് വൈറലായതിന് പിന്നാലെ ഇൗ ഗായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സോഷ്യൽ‌ ലോകം. ജീവാംശമായി താനേ.. എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവാനുള്ള ഒരു കാരണം അതിന് താഴെയുള്ള കുറിപ്പായിരുന്നു. ഇതൊരു തമിഴ് പെൺകുട്ടിയാണ് എന്ന വാചകം. ആ വാചകം അവരെ കൊണ്ടെത്തിച്ചത് തിരുവനന്തപുരം സംഗീത കോളജിന്റെ മുന്നിലാണ്. 

കന്നഡയാണ് സൗമ്യയുടെ മാതൃഭാഷ. പക്ഷേ ജനിച്ചതും വളർന്നതും ചൈന്നെയിലാണ്. തമിഴിനൊപ്പം  മലയാളം സൗമ്യയ്ക്ക് എറെ ഇഷ്ടമാണ്. അതുകൊണ്ടാണ് സംഗീതം പഠിക്കാൻ കേരളത്തിലേക്ക് വണ്ടികയറിയത്. പാട്ട് കേട്ടവർക്കെല്ലാം സംശയമായിരുന്നു ഇത് ഒരു തമിഴ് പെൺകുട്ടിയാണോയെന്ന്. തിരുവനന്തപുരം സംഗീത കോളേജിൽ ഒന്നാം വർഷ സംഗീത വിദ്യാർത്ഥിയാണ് സൗമ്യ. കോളജിൽ ഒഴിവുസമയങ്ങളിലിരുന്ന് പാടിയ പാട്ട് സുഹൃത്തുക്കളാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ആ പാട്ട് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. 

യേശുദാസാണ് സൗമ്യയുടെ ഇഷ്ടഗായകൻ. തമിഴിന്റെ അഴകായ ഇളരാജ സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന സൗമ്യയ്ക്ക് എ.ആർ റഹ്മാന്റെ ഒരു പാട്ടെങ്കിലും പാടണം എന്നാണ് വലിയ മോഹം. സോഷ്യൽ ലോകത്തെ പുതിയ താരത്തിന് നിലയ്ക്കാത്ത കയ്യടിയാണ്. സൗമ്യയുടെ പുതിയ പാട്ടും സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞു.