ലവ് ജിഹാദെന്ന് പഴിച്ചവരേ കാണൂ; വൈറലായി ആ പഴയ ഐഎഎസ് ദമ്പതികൾ

ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞ മു‌‌സ്‌ലിം ദലിത് ദമ്പതികൾ വീണ്ടും വാര്‍ത്തയാകുന്നു. താജ്മഹലിന് മുന്നിലിരുന്ന് ചിരിച്ചുസംസാരിക്കുന്ന ഈ ദമ്പതികളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരം. 

ദീനദാബിയുടെയും അത്തർ ആമിർ ഖാന്റെയും ആഗ്രാ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹം വലിയ വാർത്തയാകുകയും ചെയ്തു. 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കൈപ്പിടിയിലൊതുക്കിയ ദലിത് പെണ്‍കുട്ടിയാണ് വധു ടീന ടാബി. രണ്ടാം റാങ്ക് നേടിയ മു‌സ്‌ലിം യുവാവ് അത്തർ ഖാൻ ആണ് വരൻ. 

മസൂറിയിലെ ഐഎഎസ് പരിശീലനത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലായത്.

എന്നാൽ പ്രണയത്തിനും വിവാഹത്തിനും മതവും ജാതിയും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ, വെല്ലുവിളികൾ. 

ലവ് ജിഹാദെന്ന് വരെ ഇവരുടെ പ്രണയത്തെ വിളിച്ചവരുണ്ട്. ഇവരുടെ കുടുംബത്തിന് മതനേതാക്കളില്‍ നിന്ന് ഭീഷണികള്‍ നേരിടേണ്ടി വന്നു. ഘര്‍ വാപസിക്ക് തയ്യാറാകട്ടെ എന്നായിരുന്നു ഹിന്ദു മഹാജന സഭയുടെ നിര്‍ദ്ദേശം.

എന്നാൽ എതിർപ്പുകളെ അതിജീവിച്ച് അവർ ഒന്നായി. വിവാഹം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്കുശേഷം ഇവര്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇവരെ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാക്കിയത്.