അവൾക്കൊപ്പം ക്യാംപെയിൻ എവിടെ? പരിഹസിച്ച്, തുറന്നടിച്ച് അരുൺ ഗോപി

പൊലീസിനെയും സർക്കാരിനെയും ശക്തമായി വിമർശിച്ച് സംവിധായകൻ അരുൺ ഗോപി. ദിലീപിന്റെ കേസിൽ ഉടനടിയുണ്ടായ നടപടിയെയും  പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതിന്റെയും  പശ്ചാത്തലത്തിലാണ് അരുണിന്റെ പ്രതികരണം. 

ആസൂത്രണം ചെയ്തു എന്ന്  ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവ്രതത്തിലാണ്.  മറ്റു ചിലർ ഉൾപ്പെട്ട കേസുകളിൽ ഇതെന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു.

 അരുണിന്റെ പോസ്റ്റിന്റെ പൂർണരൂപം:

‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല. പീഡിപ്പിച്ചവനെയല്ല, ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവ്രതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.’ – അരുൺ ഗോപി പറയുന്നു.

അരുൺ ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളെത്തിയിട്ടുണ്ട്. 

അതേസമയം, പി.കെ. ശശി എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പാര്‍ട്ടി തലത്തിലുള്ള നടപടി ഉണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കി.

യുവതി സമ്മതിച്ചാല്‍ പരാതി പൊലീസിനു കൈമാറുമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കിയിട്ടുണ്ട്.