പിഞ്ചുകുഞ്ഞുമായി കുടുംബം കഴിഞ്ഞത് പ്ലാറ്റ്ഫോമിലും ബസ് സ്റ്റാൻഡിലും; അഭയമില്ലാ ജീവിതം

വാടകവീട്ടിൽ നിന്നിറങ്ങി ഈ കുടുംബം അഞ്ചുദിവസം കഴിഞ്ഞത് റെയിൽവെ പ്ലാറ്റ്ഫോമിലും ബസ് സ്റ്റാൻഡിലും. ഒടുവിൽ അഭയകേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ് കുടുംബം. 

തഴക്കര ഇറവങ്കര സ്വദേശി രാധാകൃഷ്ണൻ (52), മാതാവ് പൊന്നമ്മ (75), രാധാകൃഷ്ണന്റെ ഭാര്യ രമ, മകൾ വാണി, വാണിയുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു കഴിഞ്ഞ നാലാം തിയതി മുതൽ കായംകുളം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിലും കഴിച്ചുകൂട്ടിയത്. 

കഴിഞ്ഞ ദിവസം മാവേലിക്കര റെയിൽവെ പ്ലാറ്റ്ഫോമിലെത്തിയ കുടുംബത്തിന് ചുനക്കര സ്നേഹവീട് താത്ക്കാലിക അഭയമാകുകയായിരുന്നു. 

സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന രാധാക്യഷ്ണൻ 10 വർഷം മുൻപ് അമ്മയുടെ ചികിത്സയ്ക്കായി വീടു വിറ്റു. പിന്നീടു വാടകവീടുകളിലായിരുന്നു. വീട് പൊളിക്കുന്നതിനാൽ ഓഗസ്റ്റ് 28 നു മാറണമെന്നു വീട്ടുടമ അറിയിച്ചു. ഇതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതായി. 

മറ്റൊരു വീടെടുക്കാൻ ശേഷിയുമില്ല. ഇതോടെ വീട്ടുസാധനങ്ങളെല്ലാം തൊഴുത്തിന്റെ തിണ്ണയിൽ വെച്ചശേഷം കുടുംബത്തെ കൂട്ടി തെരുവിലേക്കറിങ്ങി. 

ഇതിനിടയിൽ ഇറവങ്കര ഗവ.വിഎച്ച്എസ്എസിലെ സഹപാഠി ആയിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത ഗോപാലകൃഷ്ണനെ വിളിച്ചു.

സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ പുനർജനി ആർ.രാജേഷ് എംഎൽഎയെ അറിയിച്ചതിനെത്തുടർന്നു ചുനക്കര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്നേഹവീട്ടിൽ താൽക്കാലിക അഭയമൊരുക്കുകയായിരുന്നു.

മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ച രാധാകൃഷ്ണൻ ഏറെ നാളുകളായി ഉദരരോഗത്തിനു ചികിത്സയിലാണ്. ജോലിക്കു പോകാനാകാത്ത അവസ്ഥ വന്നതോടെയാണു വാടക മുടങ്ങിയതെന്നു വീട്ടുകാർ പറയുന്നു. ഇനിയെങ്ങോട്ടു പോകുമെന്ന ആധിയിലാണ് ഈ കുടുംബം.