ഇടറുന്ന കാലടികളില്‍ വിജയകാന്ത്; ഞെട്ടി തമിഴകം: നോവുകാഴ്ചയായി ഈ വിഡിയോ

ക്യാപ്‌ടൻ വിജയകാന്തിന്റെ വിഡിയോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ. കരുണാനിധിയുടെ സ്മൃതിമണ്ഢപത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ഭാര്യയുടെയും സഹായിയുടെയും കൈ പിടിച്ച് ക്ഷീണിതനായി നടന്നു വരുന്ന ക്യാപ്ടൻ വിജയകാന്തിന്റെ വിഡിയോയാണ് ആരാധകരെ ദു:ഖത്തിലാഴ്ത്തിയിരിക്കുന്നത്. വിറയൽ ബാധിച്ച ശരീരവും ഇടറുന്ന, വേച്ച് വീഴാൻ തുടങ്ങുന്ന നടത്തവും. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിജയകാന്ത് അസുഖ ബാധിതനായി വിദഗ്ധചികിത്സയ്ക്ക് വിധേയനായതായും ഗുരുതരാവസ്ഥയിലാണെന്നും ഈയിടെ വാർത്ത പരന്നിരുന്നു.

തമിഴ്നാട് നിയമസഭയില്‍ ഒരുഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ വരെയെത്തിയ വിജയകാന്തിന്റെ പാര്‍ട്ടിയും ഇപ്പോള്‍ സജീവമല്ല. ഒരു കാലത്ത് തമിഴ് സിനിമയുടെ വിപണിസാധ്യതകളിൽ ഒന്നാം നിരയിലായിരുന്നു ഈ പേരിന്റെ സ്ഥാനം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രങ്ങളിലെ ത്യാഗിയായ നായകകഥാപാത്രങ്ങൾ വിജയകാന്തിനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി. ആക്ഷനും പ്രണയവും നൃത്തവും കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക രംഗങ്ങളുമൊക്കെ ചേർന്ന അത്തരം സിനിമകൾ വിജയകാന്തിന് ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചു. 

ക്യാപ്ടൻ പ്രഭാകർ പോലെ വൻ വിജയങ്ങളായ പൊലീസ്– നഗര കഥ പറഞ്ഞ സിനിമകളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ക്യാപ്ടൻ പ്രഭാകറിലെ വേഷമാണ് വിജയകാന്തിനെ ക്യാപ്ടൻ വിജയകാന്താക്കിയത്.