ഹൃദയസ്തംഭനത്തിന് ചോക്ലേറ്റ് ‘മധുരപ്രതികാരം’..? ചര്‍ച്ചയായി പുതിയ പഠനം

ഹൃദയസ്തംഭനത്തിനോട് ഇനി ‘മധുരപ്രതികാരം’ ചെയ്യാം. മാസത്തില്‍ മൂന്ന് ബാര്‍ ചോക്ലേറ്റ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷ നേടാമെന്ന കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ്  അമേരിക്കയിലെ മൗണ്ട് സീനായിലുള്ള ഐക്കാന്‍ മെഡിക്കല്‍ സ്കൂള്‍. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുെട കോണ്‍ഫറന്‍സിലാണ് പുതിയ മരുന്നിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. 

പല തവണയായി നടന്ന അഞ്ച് പഠനങ്ങളിലൂടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളില്‍ നടത്തിയ പരീക്ഷണത്തിനു ശേഷമാണ് ഐക്കാന്‍ മെഡിക്കല്‍ സ്കൂളിന്റെ പ്രഖ്യാപനം. മറ്റുള്ളവരെ വച്ച് താരതമ്യം ചെയ്യുംമ്പോള്‍ ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത പതിമൂന്ന് ശതമാനം കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കൊക്കോയിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡിന്റെ സാന്നിദ്ധ്യം രക്തധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതാണ് ശരീരത്തെ ഹൃദയസ്തംഭനത്തില്‍ നിന്നും സംരക്ഷിക്കുന്നതെന്നാണ് ശാസ്ത്രഞ്ജന്മാരുടെ പുതിയ കണ്ടുപിടുത്തം. ഇനിയിപ്പോ മറ്റ് മരുന്ന് കഴിക്കാന്‍ മടിയുള്ള ഹൃദ്രോഗിക‍ള്‍ക്ക് ഈ മരുന്ന് കഴിക്കാന്‍ മടിയുണ്ടാകാന്‍ സാധ്യതയില്ല. എന്നുവച്ച് ചോക്ലേറ്റ് അധികം കഴിച്ച് പ്രമേഹം വരുത്തിവയ്ക്കാതെ നോക്കുകയും ചെയ്യണ‌മെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിതമായാല്‍ അമൃതും വിഷമാകും.