ഇടുക്കി ഡാമില്‍ വെള്ളം കുതിച്ചുചാടി; ഓര്‍മകളില്‍ ചിരിതൂകി വിക്ടര്‍; നോവോര്‍മ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കാണ് ഇപ്പോൾ ഡാമുകളിൽ. സംസ്ഥാനത്തെ 22 ഡാമുകൾ ഒരേസമയം തുറന്നിരിക്കുന്നു. എങ്കിലും ഇടുക്കി ഡാം തുറക്കുമ്പോൾ അത് ഒരു അപൂർവതയാണ്. കാരണം 26 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കിയുടെ ഭാഗമായ ചെറുതോണിയുടെ ഷട്ടറുകൾ തുറക്കുന്നത്.  മുൻപ് രണ്ട് തവണ മാത്രമേ ഈ ഡാം തുറന്നിട്ടുള്ളൂ. 

ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ൽ തുറന്നിരുന്നു. രാവിലെ ഒൻപതോടെ അണക്കെട്ടു തുറന്നു. രണ്ടു മണിക്കൂറിനു ശേഷം ഷട്ടർ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ൽ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടത്. 1992 ഒക്‌ടോബർ 11 ന് രാവിലെ 9ന് ചെറുതോണി അണക്കെട്ടിന്റെ മധ്യ ഷട്ടർ തുറക്കുമ്പോൾ പാൽപ്പതപോലെ നുരഞ്ഞ് പിന്നെ പതഞ്ഞുപൊങ്ങി ഷട്ടറിന്റെ നേർത്ത വിടവിലൂടെ വെള്ളം താഴേക്ക് വരുന്നത് മലയാള മനോരമയുടെ അസിസ്റ്റന്റ് എഡിറ്റർ ബോബി എബ്രഹാം ഇന്നും ഓർക്കുന്നു. 

1992 ൽ ഇടുക്കി ചെറുതോണി ഡാം തുറന്നപ്പോൾ. ഫയൽ ചിത്രം – വിക്ടർ ജോർജ് ∙ മനോരമ

ദ്യശ്യമാധ്യമങ്ങൾ സജീവമല്ലാതിരുന്ന കാലത്ത് മലയാള മനോരമയുടെ ഒന്നാം പേജിൽ മലയാളിക്ക് ആ ദൃശ്യവിരുന്ന് ഒരുക്കിയത് വിക്ടർ ജോർ‍ജായിരുന്നു. വെള്ളം ഒഴുകിവരുന്ന വഴി നേരത്തെ തന്നെ വിക്ടർ മനസിൽ കണ്ടിരുന്നു. വിക്‌ടറിന്റെ ക്യാമറ പകർത്തിയെടുത്തത് ഷട്ടറിനടിയിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നതുമുതൽ കുതിച്ചൊഴുകുന്നതുവരെ നിരവധി ചിത്രങ്ങൾ. വായനക്കാരന് ഡാം തുറന്നത് നേരിട്ടുകണ്ടത് പോലെയുള്ള കാഴ്ച.

മഴയുടെ സൗന്ദര്യം പൂര്‍ണ്ണമായി പകര്‍ത്താന്‍ പ്രകൃതി ആരെയും അനുവദിക്കില്ല. എന്നാൽ ആ മഴയെ വിടാതെ പിന്തുടർന്ന് വിക്ടറിന് അതിന് കഴിഞ്ഞു. പരിസ്ഥിതിയും കുട്ടികളും വൃദ്ധരും ആനകളും കലാലയങ്ങളും മേഘങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. വ്യത്യസ്ത കോമ്പൊസിഷനുകള്‍ കൊണ്ട് ഫോട്ടോകളെ വിക്ടർ കലാരൂപങ്ങളായി ഉയര്‍ത്തി. വേറിട്ട കാഴ്ചകള്‍ കണ്ടെത്താനുള്ള ഒരു കണ്ണ് തനിക്കുണ്ടെന്ന് വിക്ടർ പലപ്പോഴും തെളിയിച്ചു.  'മഴ പെയ്യുകയാണ് ' എന്ന പേരില്‍ വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ ശേഖരം ആൽബമായി പുറത്തിറങ്ങി. 80-ഓളം ചിത്രങ്ങളാണ് ഈ ആല്‍ബത്തിലുളളത്. ഇതിലെ ഏറ്റവും നല്ല ചിത്രത്തിനായുളള യാത്രയാണ് വിക്ടറിന്റെ അവസാനയാത്രയായത്.

2001 ജൂലായ് ഒമ്പതിന് ഇടുക്കി ജില്ലയിലെ വെണ്ണിയാനിയിലുണ്ടായ ഉരുള്‍പൊട്ടലിനിടെയാണ് വിക്ടര്‍ ജോര്‍ജ് പോയത്. പ്രകൃതി വിതച്ച നാശത്തിന്റെ തീവ്രത പകർത്താൻ ഉളളിലേയ്ക്ക് വിക്ടര്‍ കയറിപ്പോയി. ഉരുള്‍ വരുന്ന വഴിയുടെ മികച്ച ചിത്രമെടുക്കുക എന്നതായിരുന്നിരിക്കണം വിക്ടറിന്റെ മനസിലെ ചിന്ത. ഒരു കുടയും ചൂടി മലമുകളിലേയ്ക്ക് കയറിപ്പോകുന്ന വിക്ടറിനെ തൊടുപുഴയിലെ ഒരു ഫോട്ടോഗ്രാഫറും വിക്ടറിന്റെ സുഹൃത്തുമായ ജിയോ ടോമി ക്യാംമറയിൽ പകര്‍ത്തുകയും ചെയ്തു. മികവിനു വേണ്ടി ജീവന്‍ പണയം വയ്ക്കുക എന്നത് വെറും വാക്കല്ല എന്ന് ജീവന്‍ കൊടുത്ത് തെളിയിച്ചു വിക്ടര്‍.

ഒരോ മഴയുടെ പിന്നാലെയും മഴയോടൊപ്പവും അലഞ്ഞ ആ മനുഷ്യന്‍ ഒടുവില്‍ അതേ മഴയോട് അലിഞ്ഞുചേരുകയായിരുന്നു. 26 വർഷങ്ങൾക്കപ്പുറം ഇടുക്കി ഡാം തുറന്നുപ്പോൾ ഓരോ മലയാളി വായനക്കാരും ഓർത്തു പോകും വിക്ടര്‍ ജോർജിനെ. കാഴ്ചകളുടെ ഹെര്‍ബേറിയം തീര്‍ക്കാനായി ജീവന്‍ തന്നെ വെടിഞ്ഞ ആ പോരാളിയെ.